തിരുവനന്തപുരം : കേരളത്തിന്റെ റെയിൽവെ വികസനത്തിന് വേണ്ടി 3042 കോടി രൂപ അനുവദിച്ച കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാരിന്റെ കേരളത്തിനോടുള്ള പ്രത്യേക താത്പര്യത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം കേരളത്തിന്റെ റെയിൽവെ വികസനത്തിന് വലിയ കുതിപ്പേകും. നിലമ്പൂർ-നഞ്ചൻകോട് പാതയും ശബരിപാതയും യാഥാർത്ഥ്യമാക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. എന്നാൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്ത് നിന്നും നിഷ്ക്രിയത്വമാണുള്ളത്.
കേരളത്തിന് 2009 മുതൽ 2014 വരെ യുപിഎ സർക്കാരിൻ്റെ കാലത്ത് ശരാശരി 372 കോടി രൂപ മാത്രമാണ് നീക്കിവച്ചതെന്നിരിക്കെ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 125 കിലോമീറ്റർ പാത നിർമിച്ചതായും 493 കിലോമീറ്റർ വൈദ്യുതീകരിച്ചതായും റെയിൽമന്ത്രി പറഞ്ഞു. സംസ്ഥാനം പൂർണമായും വൈദ്യുതീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് എട്ട് പുതിയ പാതകളുടെ പദ്ധതികൾ നടത്തിപ്പിലാണ്. 419 കിലോമീറ്റർ ആകെ ദൂരം വരുന്ന ഈ പദ്ധതികൾക്കായി 12,350 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിലെ 35 സ്റ്റേഷനുകൾ അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കുന്നതിന് 2560 കോടി രൂപ ചെലവാക്കി. 2014 ന് ശേഷം 114 റെയിൽ ഫ്ലൈ ഓവറുകളും പാലങ്ങളും അടിപ്പാതകളും നിർമിച്ചു. 51 ലിഫ്റ്റും 33 എസ്കലേറ്ററുകളും സ്ഥാപിച്ചു. 120 സ്റ്റേഷനുകളിൽ വൈ ഫൈ സംവിധാനം കൊണ്ടുവന്നു. രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നതും സംസ്ഥാനത്തിന് വൻനേട്ടമാണ്.
ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി ഫോർ കാലടി, ചാലക്കുടി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, ചിറയിനിക്കിൽ, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറോക്ക്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്, കായംകുളം, കൊല്ലം, കോഴിക്കോട് മെയിൻ (കാലിക്കറ്റ്), കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ , തലശ്ശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളാണ് അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കുന്നത്.