മാന്നാർ : ചെന്നിത്തല കൊലപാതകക്കേസിൽ ഡിസംബർ 15 മുതൽക്കെത്തന്നെ മാതാപിതാക്കളെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി മകനായ പ്രതി വിജയന്റെ മൊഴി. ഭൂമി സ്വന്തം പേരിലേക്ക് എഴുതി തരാതിരുന്നതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് വിജയൻ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. വീടിന് തീയിട്ടത് എങ്ങനെയെന്നും വിജയൻ പൊലീസിനോട് വിശദീകരിച്ചു.
രണ്ടിടങ്ങളിൽ നിന്ന് വാങ്ങിയ ആറ് ലിറ്റർ പെട്രോളുമായാണ് പ്രതി വീട്ടിലെത്തിയത്. ശേഷം മാതാപിതാക്കൾ ഉറങ്ങിയ മുറിയിൽ പെട്രോൾ തളിച്ചു. പിന്നീട് പേപ്പർ കത്തിച്ച് മുറിയിലേക്ക് ഇടുകയായിരുന്നു. ഇത് വീടാകെ പടരുകയുമായിരുന്നു. ഇന്ന് പുലർച്ചെയാണ് വീടിന് തീപിടിച്ച് ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവർ മരിച്ചത്. പൊള്ളലേറ്റായിരുന്നു ഇരുവരുടെയും മരണം.