താരങ്ങള്‍ക്ക് ഒന്നിച്ച് താമസിക്കാന്‍ ഗ്രാമം; ആശയം മോഹന്‍ലാലിന്റേതെന്ന് ബാബുരാജ്

കൊച്ചി : സിനിമാ താരങ്ങള്‍ക്ക് വയസ്സായിക്കഴിഞ്ഞാല്‍ ഒരുമിച്ച് താമസിക്കാന്‍ ഗ്രാമമുണ്ടാക്കാന്‍ ‘അമ്മ’ ശ്രമങ്ങള്‍ തുടങ്ങിയതായി നടന്‍ ബാബുരാജ്. നമ്മുടേതായ ഗ്രാമം എന്ന ആശയം മോഹന്‍ലാലിന്റേതാണെന്നും അതിനുള്ള ധൈര്യം നമുക്കുണ്ടെന്നും ബാബുരാജ് പറഞ്ഞു.

അമ്മ നടപ്പാക്കുന്ന സഞ്ജീവനി ജീവന്‍രക്ഷാപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയിലെ 82 അംഗങ്ങള്‍ക്ക് സ്ഥിരമായി ജീവന്‍രക്ഷാ- ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയാണ് സഞ്ജീവനി.

‘നമുക്ക് നമ്മുടേതായ ഗ്രാമമെന്ന ആശയം ലാലേട്ടന്റേതാണ്. നമുക്കെല്ലാം വയസ്സായിക്കഴിഞ്ഞാല്‍ ഒരുമിച്ച് ജീവിക്കാന്‍ പറ്റിയ ഗ്രാമം ഉണ്ടാക്കണം. അതിനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞു.’ വേദിയിലിരിക്കുന്ന മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപിയേയും ചൂണ്ടിക്കാണിച്ച് ഈ മൂന്ന് തൂണുകളുണ്ടെങ്കില്‍ നമ്മള്‍ ഗ്രാമമല്ല, ഒരുപ്രദേശം മുഴുവന്‍ വാങ്ങുമെന്നും ബാബുരാജ് പറഞ്ഞു.

‘ഗ്രാമത്തിന്റെ കാര്യം വളരെക്കാലം മുമ്പേ സംസാരിക്കുന്നതാണെന്നും സര്‍ക്കാരുമായി സംസാരിച്ച് എവിടെയെങ്കിലും കുറച്ചുപേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കണം. പണ്ട് തമിഴ്നാട് സര്‍ക്കാരൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷേ അവിടെയൊന്നും ശരിയായി നടപ്പാക്കിയിട്ടില്ല’ മോഹന്‍ലാല്‍ പറഞ്ഞു.

ഞായറാഴ്ച നടന്ന പരിപാടിയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പുറമേ മഞ്ജു വാര്യരും ചടങ്ങില്‍ പ്രധാന അതിഥികളായിരുന്നു. കൊച്ചിയിലെ ഓഫീസില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷമായിരുന്നു പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ്. നടന്‍ ശ്രീനിവാസനും പരിപാടിയുടെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!