നരഭോജി കടുവയ്ക്കായി തിരച്ചില്‍ ഇന്നും തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ച മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ആര്‍ആര്‍ടി അംഗം ജയസൂര്യയെ കൂടി ആക്രമിച്ചതോടെ കടുവയെ എത്രയും പെട്ടന്ന് പിടികൂടാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.

ഞായറാഴ്ച വൈകീട്ട് 6.30 ഓടെ കേളകവലയില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാറിന്റെ തോട്ടത്തിന് അടുത്തായി കടുവയെ കണ്ടെന്നാണ് പ്രദേശവാസികള്‍ അറിയിച്ചത്. ഇതോടെ വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. മയക്കുവെടി വിദഗ്ധരും ഷാര്‍പ്പ് ഷൂട്ടര്‍മാരുമടക്കം എണ്‍പതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയക്കായി തിരച്ചില്‍ നടത്തുന്നത്. തെര്‍മല്‍ ഡ്രോണും നോര്‍മല്‍ ഡ്രോണും ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തുന്നതിനിടെ കടുവയെ കണ്ടെത്തുന്നതിനായി കുങ്കിയാനകളെയും ഇന്നലെ സ്ഥലത്ത് എത്തിച്ചിരുന്നു.

കടുവ ഭീതി ശക്തമായതോടെ മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിറക്കര,ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി. ഡിവിഷനുകളിലെ സ്‌കൂള്‍, അങ്കണവാടി, മദ്രസ, ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. കര്‍ഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളില്‍ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജനുവരി 27, 28 തിയതികളില്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്നും അറിയിപ്പുണ്ട്.

പി.എസ്.സി പരീക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടക്കുന്ന പരീക്ഷകള്‍ക്ക് അത്യാവശ്യമായി പോകണ്ടവര്‍ ഡിവിഷനിലെ കൗണ്‍സിലറുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!