നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ; പത്ത് പദ്ധതികളുമായി വനം വകുപ്പ്; നരഭോജി കടുവയെ പിടികൂടാന്‍ വന്‍ സന്നാഹം

കല്‍പ്പറ്റ: നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി കൂട് സ്ഥാപിച്ചു. 28 കാമറകളും നാല് ലൈവ് കാമറകളും പ്രദേശത്ത് സ്ഥാപിച്ചു. രാത്രിയിലും പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് ജില്ലാ കളക്ടര്‍ മേഘശ്രീ അറിയിച്ചു.

കടുവയെ കൂട്ടിലാക്കാന്‍ വനം വകുപ്പ് പത്തിനപരിപാടികളാണ് വനം വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഞ്ചാരക്കൊല്ലി മേഖലയില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉപയോഗിച്ച് വനം വകുപ്പ് പരിശോധന നടത്തും. തലപ്പുഴ, വരയാല്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുല്‍പ്പള്ളിയിലേയും ചെതലയത്തേയം സംഘം ചേരും. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘം  പഞ്ചാരക്കൊല്ലിയിലെത്തും. പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും.

വനമേഖലയിലെ പരിശോധനയ്ക്ക് സാധാരണ ഡ്രോണുകള്‍ക്കൊപ്പം തെര്‍മല്‍ ഡ്രോണും ഉപയോഗിക്കും. സൗത്ത് വയനാട് ഡിവിഷനിലുള്ള ക്യാമറാ ട്രാപ്പുകലും പഞ്ചാരക്കൊല്ലിയില്‍ വിന്യസിപ്പിക്കും. കടുവയെ ആകര്‍ഷിക്കാന്‍ ജീവനുള്ള ഇരകളെ ബന്ധിച്ച കൂടുകള്‍ പഞ്ചാരക്കൊല്ലിയില്‍ സ്ഥാപിക്കും. മുത്തങ്ങ ക്യാംപിലെ കുങ്കി ആനകളെ ദൗത്യത്തിനായി രംഗത്തിറക്കും. മാര്‍ട്ടില്‍ ലോവലാണ് ദൗത്യത്തിന്റെ കമാന്‍ഡര്‍. കെഎസ് ദീപ ദൗത്യത്തിന്റെ മേല്‍നോട്ടം വഹിക്കും.

നാളെ കോണ്‍ഗ്രസ് മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാധയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി. വന്യ ജീവി ആക്രമണത്തില്‍ ശാശ്വത പരിഹാരം എത്രയും വേഗം വേണമെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.

തോട്ടം തൊഴിലാളിയായ രാധ കാപ്പി പറിക്കാന്‍ പോകുന്നതിനിടെയാണ് കടുവ കൊന്ന് ഭക്ഷിച്ചത്. വലിയ ജനരോഷം ഉണ്ടായതോടെ കടുവയെ വെടിവച്ചു കൊല്ലാന്‍ അറിയിപ്പ് ഇറക്കി. 11 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു അറിയിച്ചു. മന്ത്രി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കടുവയെ പിടികൂടുന്നതിനു നടപടികള്‍ വനംവകുപ്പ് ആസൂത്രണം ചെയ്യുകയാണ്. പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലാനാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!