മുംബൈ: ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഒഴിവാക്കിയത് വലിയ വിവാദത്തിലാണ്. അതിനിടെ ഇക്കാര്യത്തില്‍ കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ തമ്മില്‍ തര്‍ക്കം വന്നതായി റിപ്പോര്‍ട്ടുകള്‍. രണ്ട് നിര്‍ണായക തീരുമാനങ്ങളില്‍ ഗംഭീറിന്റെ അഭിപ്രായം രോഹിതും അഗാര്‍ക്കറും തള്ളുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സഞ്ജു സാംസണെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി വേണമെന്നു ഗംഭീര്‍ മുന്നോട്ടു വച്ചു. എന്നാല്‍ ഋഷഭ് പന്ത് മതിയെന്നു രോഹിതും അഗാര്‍ക്കറും ഉറച്ചു നിന്നു. ഇതോടെയാണ് മലയാളി താരത്തിനു അവസരം നഷ്ടമായത് എന്നാണ് വിവരം.
ടീമിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം സംബന്ധിച്ച ഗംഭീറിന്റെ മറ്റൊരു ആവശ്യമാണ് പരിഗണിക്കപ്പെടാതെ പോയത്. ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കാനാണ് ഗംഭീര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രോഹിതും അഗാര്‍ക്കറും ശുഭ്മാന്‍ ഗില്ലിനു പിന്നില്‍ ഉറച്ചു നിന്നു. ഇതോടെയാണ് പാണ്ഡ്യയ്ക്ക് പകരം ഗില്‍ വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. സഞ്ജുവിനു പുറമെ വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ബാറ്റിങിലൂടെ ടൂര്‍ണമെന്റിന്റെ താരമായി മാറിയ പാതി മലയാളി കൂടിയായ കരുണ്‍ നായരെ വെട്ടിയതും വിവാദമായിരുന്നു. വലിയ പ്രതിഷേധവും ഇക്കാര്യത്തില്‍ ഉയരുന്നുണ്ട്. അതേസമയം സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
