കസേര പിടിച്ചിടാൻ പോലും കലോത്സവ വേദികളിൽ കയറിയിട്ടില്ല…തൃശൂർ ടീമിന് ‘സർപ്രൈസ്’ പ്രഖ്യാപനവുമായി ആസിഫ് അലി

തിരുവനന്തപുരം : ഇന്ന് ഈ വേദിയിൽ വന്ന് നിൽക്കുന്നത് വളരെയധികം അഭിമാനത്തോടെയാണ്. കലോത്സവത്തിന്‍റ സമാപന സമ്മേളന വേദിയിൽ വന്ന് നിൽക്കുമ്പോള്‍ ഏറെ അഭിമാനമുണ്ട്. വ്യക്തിപരമായി സ്കൂള്‍ സമയത്ത് ഒരു കലോത്സവത്തിലും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. കസേര പിടിച്ചിടാൻ പോലും കലോത്സവ വേദികളിൽ കയറിയിട്ടില്ല, പക്ഷേ ഇന്ന് ഈ വേദിയിൽ നിൽക്കുമ്പോൾ അഭിമാനം തോന്നുന്നു. ഇന്ന് എന്‍റെ കലയായ സിനിമ എനിക്ക് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ വേദി. ആ സന്തോഷത്തിൽ പറയുകയാണ്. ഈ കലോത്സവത്തിൽ പങ്കെടുത്ത നിങ്ങള്‍ എല്ലാവരും മറ്റൊരു ജീവിതത്തിലേക്ക് പോകുമ്പോഴും കലയെ കൂടെ കൂട്ടണം.

ആ കലയാൽ ലോകം മുഴുവൻ നിങ്ങള്‍ അറിയപ്പെടണമെന്നും  ഞാൻ ആശംസിക്കുകയാണ്. ഒരുപാട് സന്തോഷമുണ്ട് ഈ വേദിയിൽ വന്ന് നിൽക്കാൻ കഴിഞ്ഞതിൽ. ഇത്രയും ഗംഭീരമായി കലോത്സവം നടത്തിയ സംഘാടകര്‍ക്കും സംസ്ഥാന സര്‍ക്കാരിനും പിന്നിൽ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും തിരക്ക് നിയന്ത്രിക്കുന്ന പൊലീസുകാര്‍ക്കും നന്ദിയുണ്ട്.ഏഷ്യയിൽ തന്നെ ഏറ്റവും വലിയ ഉത്സവമാണ് നടന്നത്.  നാളെ രേഖാ ചിത്രം എന്ന സിനിമ നാളെ റിലീസ് ചെയ്യുന്നുണ്ട്. അത് കാണാൻ നിങ്ങളെ എല്ലാവരെയും തിയറ്ററിലേക്ക് ക്ഷണക്കുകയാണ്.

ഇന്ന് വിജയികളായ തൃശൂര്‍ ജില്ലയിലെ എല്ലാ കലോത്സവ താരങ്ങള്‍ക്കും സൗജന്യമായി രേഖാ ചിത്രം സിനിമ കാണാനുള്ള സൗകര്യം നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. തൃശൂര്‍ ടീമിന് രേഖാചിത്രം എന്ന സിനിമ സൗജന്യമായി കാണാനാകുമെന്ന സര്‍പ്രൈസ് പ്രഖ്യാപിച്ചപ്പോള്‍ സദസിൽ നിന്ന് വലിയ കയ്യടിയാണ് ഉയര്‍ന്നത്. ഒപ്പം ഒരു സിനിമയുടെ ഭാഗമാകുന്നവരെ നിങ്ങളെ ഞാൻ കാത്തിരിക്കുകയാണ്. കുട്ടികളുടെ രക്ഷിതാക്കള്‍ നൽകുന്ന പിന്തുണ വളരെ വലുതാണെന്നും ആസിഫ് അലി പറഞ്ഞു.

ഇത്രയും വിസ്മയം തരുന്ന കുട്ടികൾ നാടിൻ്റെ സമ്പത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പരിപാടി ഭംഗിയായി തീർത്തതിൽ വിദ്യാഭ്യാസമന്ത്രിയേയും അധ്യാപക സംഘടനകളേയും എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും എല്ലാവരും ചേർന്ന് പരിപാടി ഭംഗിയായി നടത്തിയതിൽ അഭിമാനമുണ്ടെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഘാടനത്തിന് എ പ്ലസ് പ്ലസ് നൽകുന്നുവെന്ന് സ്പീ ക്കർ എ. എൻ ഷംസീർ പറഞ്ഞു.ലോകത്തിന് മുൻപിൽ അഭിമാനത്തോടെ തല ഉയർത്തി പറയാൻ കഴിയുന്ന പരിപാടിയാണ് സ്കൂൾ കലോത്സവമെന്നും എഎൻ ഷംസീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!