മിണ്ടാതിരിക്കണമെന്ന് ആജ്ഞാപിക്കാൻ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല; എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല…

ആലപ്പുഴ: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ മറുപടിയുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. താന്‍ വായില്‍ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമര്‍ശനം. വായനാശീലവും ചിന്താശേഷിയും കൊണ്ടാണ് താന്‍ സംസാരിക്കുന്നതെന്ന് ജി സുധാകരൻ പറഞ്ഞു. എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല. തന്നെ അപമാനിക്കാന്‍ വേണ്ടി പറഞ്ഞതല്ല. പറയിപ്പിച്ചതാണ്. താന്‍ വായില്‍ തോന്നിയത് പറയുന്ന ആള്‍ ആണെന്ന് ആരാ പറഞ്ഞത്. പാര്‍ട്ടി ക്ലാസുകളില്‍ നിന്നും വായനയില്‍ നിന്നും ലഭിച്ച അറിവു കൊണ്ടാണ് താന്‍ സംസാരിക്കാറ് എന്നും ജി സുധാകരന്‍ പറഞ്ഞു.

‘എനിക്ക് പ്രധാന്യം ഉണ്ട്. ഞാന്‍ വിശ്രമ ജീവിതം നയിക്കുന്നില്ല. 1480 പൊതു പരിപാടികളില്‍ പങ്കെടുത്തു. ജില്ലയ്ക്ക് വെളിയില്‍ 17 പരിപാടികളില്‍ പങ്കെടുത്തു. പരിപാടിക്ക് വിളിക്കുന്നത് എന്തിനാ? ഞാന്‍ പോകണം എന്നതുകൊണ്ടല്ലേ. പോകുന്ന സ്ഥലത്ത് നിന്നും പൈസ വാങ്ങിക്കാറില്ല. മിണ്ടാതിരിക്കണം എന്ന് ആജ്ഞാപിക്കാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല’, ജി സുധാകരൻ പറഞ്ഞു.

തനിക്കെതിരെ അങ്ങനെ പറയേണ്ട കാര്യമൊന്നും പത്തനംതിട്ടയിലെ സുഹൃത്തിനില്ല. എന്നെ മനപൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയുള്ള പരാമര്‍ശമാണത്. ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയല്ലേ പൊതുപ്രവര്‍ത്തകര്‍ സംസാരിക്കേണ്ടത്. എന്റെ വിമര്‍ശനങ്ങള്‍ ഇഷ്ടപെടാത്തവരാണ് വിമര്‍ശിക്കുന്നത്. സാമുഹിക സേവനമാണ് രാഷ്ട്രീയസേവനത്തിന്റെ അടിസ്ഥാനം’, ജി സുധാകരന്‍ പറഞ്ഞു. വീട്ടിലിരുന്ന് വിശ്രമിച്ചാൽ മാനസിക രോഗിയാകും. ഭ്രാന്തൻ ആകും. ഞങ്ങളെ പോലെയുള്ളവർ വായടച്ചു വെച്ചാൽ മാർക്സിസ്റ്റേതര ആശയങ്ങൾ ശക്തിപ്പെടും. കിട്ടുന്ന വേദികളിൽ പാർട്ടിയുടെ ആശയങ്ങൾ പറയും

എന്റെ ശബ്ദം ഉയരുന്നത് കൊണ്ട് പാർട്ടിക്ക് ഗുണമല്ലേ ഉണ്ടാവുക എന്നും സുധാകരൻ ചോദിച്ചു. വായില്‍ തോന്നിയത് പറയുന്ന ജി സുധാകരനെ നിയന്ത്രിക്കണം എന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!