ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ പടി കയറാന്‍ വയ്യ; അപേക്ഷയുമായി അഭിഭാഷകന്‍, വിചാരണ നിര്‍ത്തി

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവെച്ച് കോടതി. പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍ പടവുകള്‍ കയറി എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന അഭിഭാഷകന്‍ രാമന്‍ പിള്ളയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം. താഴത്തെ നിലയിലുള്ള ഏതെങ്കിലും ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് കേസ് മാറ്റണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടു.

കെഎം ബഷീര്‍ കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഇന്നുമുതലാണ് കേസിന്റെ വിചാരണ ആരംഭിക്കാനിരുന്നത്. രണ്ട് ഘട്ടങ്ങളായി വിചാരണ പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. ഇന്ന് തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെക്ഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോഴാണ് ശ്രീറാമിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള അപേക്ഷ സമര്‍പ്പിച്ചത്. രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍ പടവുകള്‍ കയറി എത്താന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് കേസ് താഴത്തെ നിലയിലെ മറ്റേതെങ്കിലും ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്.

അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി വിചാരണനടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. തീയതി നിശ്ചയിച്ച് സാക്ഷികള്‍ക്ക് സമന്‍സ് അയച്ചതെല്ലാം മരവിപ്പിക്കുകയും ചെയ്തു. ഇനി പുതിയ കോടതിയാണ് വിചാരണ എന്നു തുടങ്ങുമെന്ന് തീരുമാനിക്കുക.

2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ ഒരു മണിയ്ക്കാണ് പ്രതി ഓടിച്ചിരുന്ന കാര്‍ ഇടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ ഇതിനുമുന്‍പ് കുറ്റപത്രം വായിക്കുന്നതും ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജാരാകത്തതിനെ തുടര്‍ന്ന് മാറ്റിവെയ്‌ക്കേണ്ടി വന്നിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ കരണമാണ് ശ്രീറാമിന് എത്തിച്ചേരാന്‍ സാധിക്കാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!