കലാമണ്ഡലത്തിലെ കൂട്ട പിരിച്ചുവിടൽ; നടപടി റദ്ദാക്കുമെന്ന് വിസി

തൃശൂർ: കേരള കലാമണ്ഡലത്തിൽ 120 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കുമെന്നു വ്യക്തമാക്കി വൈസ് ചാൻസലർ. സർക്കാർ ഇടപെടലിനു പിന്നാലെയാണ് തീരുമാനം.

ഉത്തരവ് പിൻവലിക്കാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ വിസിക്ക് നിർദ്ദേശം നൽകിയിരുന്നു. റദ്ദാക്കുമെന്നു വിസി മന്ത്രിക്ക് ഉറപ്പു നൽകി.

യാതൊരു മുന്നറിയിപ്പും ഇല്ലാതെ അധ്യാപകർ ഉൾപ്പടെയുള്ളവരെ പിരിച്ചുവിട്ട നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതിനിടെയാണ് സർക്കാർ ഇടപെടൽ.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടാൻ തീരുമാനിച്ചത്. അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം പേരെയാണ് പിരിച്ചുവിടുന്നതായി ഉത്തരവിറങ്ങിയത്. ഇന്ന് മുതൽ താത്കാലിക ജീവനക്കാർ ആരും ജോലിക്ക് വരേണ്ടതില്ലെന്ന് ഉത്തരവിൽ വിസി വ്യക്തമാക്കിയിരുന്നു.

കലാമണ്ഡലത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം വന്നത്. കലാമണ്ഡലത്തിന്‍റെ സുഗമമായ നടത്തിപ്പിന് വേണ്ടി താത്കാലിക അധ്യാപക – അനധ്യാപക ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ പദ്ധതിയേതര വിഹിതത്തിൽ നിന്നു ആവശ്യമായ തുക ലഭിക്കാത്തത് മൂലമാണ് നടപടിയെന്നായിരുന്നു വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!