15 വർഷമായി സുഹൃത്തുക്കൾ, കല്യാണം ഗോവയിൽ വച്ച്; കീർത്തി സുരേഷ് വിവാഹിതയാകുന്നു

നടി കീർത്തി സുരേഷിന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ പലപ്പോഴായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചില നടൻമാരുടെ പേരുകളുൾപ്പെടെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ പേര് വരെ കീർത്തിയ്ക്കൊപ്പം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും കീർത്തിയുടെ വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചിരിക്കുന്നത്.

അടുത്ത മാസം ഗോവയിൽ വച്ച് കീർത്തിയുടെ വിവാഹം അല്ലെങ്കിൽ വിവാഹനിശ്ചയ ചടങ്ങ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പതിനഞ്ചു വർഷമായുള്ള കീർത്തിയുടെ ആത്മാർഥ സുഹൃത്ത് കൂടിയായ ആന്റണി തട്ടിലുമായാണ് വിവാഹമെന്നാണ് തമിഴ്, തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ പറയുന്നത്.

ഡിസംബര്‍ 11, 12 തീയതികളില്‍ ഗോവയില്‍ വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആന്റണി തട്ടില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണെന്നും വരും ദിവസങ്ങളില്‍ വിവാഹവാര്‍ത്ത സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായ പ്രഖ്യാപനം നടത്തുമെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കീര്‍ത്തി ഒരു സുഹൃത്തുമായി പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. ദുബായിലുള്ള ഒരു വ്യവസായിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെയായിരുന്നു ഇത്തരം ഗോസിപ്പുകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് തന്റെ സുഹൃത്താണെന്നും വെറുതേ അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നുമായിരുന്നു നടി അന്ന് പ്രതികരിച്ചത്.

വരുൺ ധവാൻ്റെ ബേബി ജോണിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങവേയാണ് കീർത്തിയുടെ വിവാഹവാർത്ത സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഡിസംബര്‍ 25-ന് ‘ബേബി ജോണ്‍’ തിയറ്ററുകളിലെത്തുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!