ന്യൂഡല്‍ഹി: അധോലോക രാജാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയെ പിടികൂടാന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി. എന്‍ഐഎ 2022 ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ പ്രതിയാണ് അന്‍മോല്‍. വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യത്തു നിന്നും കടന്ന അന്‍മോലിനെ, കഴിഞ്ഞ വര്‍ഷം കെനിയയിലും ഈ വര്‍ഷം കാനഡയിലും കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് മുന്നിലുണ്ടായ വെടിവെപ്പ് കേസില്‍ അന്‍മോല്‍ ബിഷ്‌ണോയിക്കെതിരെ മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്തം അന്‍മോല്‍ ബിഷ്‌ണോയ് ഏറ്റെടുത്തിരുന്നു. അടുത്തിടെ കൊല്ലപ്പെട്ട മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ വധത്തിന് പിന്നിലും ബിഷ്‌ണോയ് സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.
പഞ്ചാബി ഗായകന്‍ സിദ്ധുമൂസെ വാലെയുടെ കൊലപാതകത്തിലും അന്‍മോല്‍ ബിഷ്‌ണോയിക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഘടിത കുറ്റകൃത്യങ്ങളിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ പിടികൂടാനുള്ള എന്‍ഐഎയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് റിവാര്‍ഡ് പ്രഖ്യാപനം. അന്‍മോല്‍ ബിഷ്ണോയി എവിടെയാണെന്ന് അറിയുന്നവര്‍ വിവരം നല്‍കാന്‍ മുന്നോട്ട് വരണമെന്ന് എന്‍ഐഎ അധികൃതര്‍ ആവശ്യപ്പെട്ടു.
നിരോധിത സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ), ലോറന്‍സ് ബിഷ്ണോയ് ക്രൈം സിന്‍ഡിക്കേറ്റ് എന്നിവയുടെ കേന്ദ്രങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും, വ്യാജരേഖകളും, ഡിജിറ്റല്‍ ഉപകരണങ്ങളും ലക്ഷക്കണക്കിന് രൂപയും ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍, കൊലപാതകങ്ങള്‍, കൊള്ള, ഭീകരസംഘടനകള്‍ക്ക് തീവ്രവാദ ഫണ്ടിങ്ങ് തുടങ്ങിയവ നടത്തുന്നതിന് ഭീകര സംഘടനകളിലെയും സംഘടിത ക്രിമിനല്‍ സിന്‍ഡിക്കേറ്റുകളിലെയും പ്രവര്‍ത്തകര്‍ തീവ്രവാദ ശൃംഖല ഉപയോഗിക്കുന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.