ന്യൂഡൽഹി/ കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അതേസമയം, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി നിര്‍ദേശം നല്‍കി. വിചാരണ വൈകുകയാണെങ്കില്‍ വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബഞ്ചാണ് ജാമ്യഹര്‍ജി തള്ളിയത്.
സതീഷിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി, ഗൗരവ് അഗര്‍വാള്‍ എന്നിവര്‍ ഹാജരായി. ജാമ്യം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിച്ചു.
ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സതീഷ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സിപിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ ബിനാമിയാണ് സതീഷ് കുമാര്‍ എന്നാണ് ഇഡിയുടെ വാദം. എന്നാല്‍ ഈ ആരോപണത്തിന് തെളിവില്ലെന്ന് സതീഷ് കുമാര്‍ പറയുന്നത്.