ഝാൻസി : ഉഗ്രവിഷമുള്ള രാജവെമ്പാലയെ ആക്രമിച്ച് കൊന്ന് പിറ്റ് ബുള്‍ നായ കുട്ടികളുടെ ജീവൻ രക്ഷിച്ചു. വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്പാല എത്തിയത്.
കുട്ടികള്‍ പേടിച്ച് കരയുന്നത് കേട്ടാണ് ജെന്നി എന്ന പിറ്റ് ബുള്‍ പാഞ്ഞെത്തിയത്. ഉത്തർപ്രദേശിലെ ഝാൻസിയിലെ ശിവഗണേഷ് കോളനിയിലാണ് സംഭവം.
കെട്ടിയിട്ട സ്ഥലത്തു നിന്ന് തുടലുപൊട്ടിച്ചാണ് ജെന്നി പാഞ്ഞെത്തിയത്. എന്നിട്ട് രാജവെമ്പാലയെ കടിച്ചുകുടഞ്ഞു. പാമ്പുമായി അഞ്ച് മിനിറ്റോളം അത് പോരാട്ടം തുടർന്നു. ഒടുവില്‍ പിടഞ്ഞു പിടഞ്ഞ് പാമ്പിന്‍റെ ജീവൻ ഇല്ലാതായെന്ന് ഉറപ്പാക്കിയ ശേഷമേ കടി വിട്ടുള്ളൂ.
ഇതിന് മുൻപും ജെന്നി പാമ്പിനെ കൊന്ന് ജീവൻ രക്ഷിച്ചിട്ടുണ്ടെന്ന് ഉടമ പഞ്ചാബ് സിംഗ് പറഞ്ഞു. ഇതുവരെ പത്തോളം പാമ്പുകളെ ജെന്നി കൊന്നിട്ടുണ്ടെന്നാണ് ഉടമ പറയുന്നത്. സംഭവം നടക്കുമ്ബോള്‍ പഞ്ചാബ് സിംഗ് വീട്ടിലുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്‍റെ മകനും കൊച്ചുമക്കളും ഉണ്ടായിരുന്നു. പാമ്പ് വീട്ടില്‍ കയറിയിരുന്നെങ്കില്‍ എന്തും സംഭവിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.
വീട് വയലിന് അരികെ ആയതിനാല്‍ മുൻപും മഴക്കാലത്ത് പാമ്പിനെ കണ്ടിട്ടുണ്ട്. കണ്ടപ്പോഴൊക്കെ പിറ്റ് ബുള്‍ പാമ്പിനെ കൊന്നിട്ടുണ്ടെന്നാണ് പഞ്ചാബ് സിംഗ് പറയുന്നത്. കുട്ടികളുടെ ജീവൻ രക്ഷിച്ച പിറ്റ് ബുളിനോട് ഏറെ നന്ദിയുണ്ടെന്ന് സിംഗ് പറഞ്ഞു. ഇന്നത്തെ ലോകത്ത് ആളുകള്‍ മൃഗങ്ങളില്‍ നിന്ന് അകന്നു പോകുമ്പോള്‍, ഈ മൃഗങ്ങള്‍ മനുഷ്യർ ചെയ്യേണ്ട ജോലികള്‍ ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നമ്മള്‍ മൃഗങ്ങളോട് കൂടുതല്‍ സ്‌നേഹം കാണിക്കണം. ആളുകള്‍ പലപ്പോഴും പിറ്റ് ബുളുകളെ കുറിച്ച് മോശം അഭിപ്രായം പറയാറുണ്ട്, എന്നാല്‍ തന്‍റെ ജെന്നി മനുഷ്യരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.