40 വര്‍ഷത്തിന് ശേഷം പിടിച്ചെടുത്ത ഭരണം യുഡിഎഫിന് നഷ്ടമായി, ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്

മലപ്പുറം : പെരിന്തല്‍മണ്ണ ഏലംകുളം പഞ്ചായത്തില്‍ നിലവിലെ ഭരണസമിതിയെ പുറത്താക്കി ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി.

പ്രസിഡന്റ് സി. സുകുമാരൻ, വൈസ് പ്രസിഡന്റ് കെ. ഹയറുന്നീസ എന്നിവരാണ് വോട്ടെടുപ്പില്‍ പരാജയപ്പെട്ടത്. യുഡിഎഫ് സ്വതന്ത്ര അംഗം കൂറുമാറി അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. പഞ്ചായത്തില്‍ മൂന്ന് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളും എല്‍ഡിഎഫിനാണ്.

അതേസമയം, പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം മുൻകൂട്ടി നിശ്ചയിച്ച യോഗം ചേർന്നു. പുറത്തായ പ്രസിഡന്റ് യോഗത്തില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് പങ്കെടുത്തില്ല. വികസന സ്ഥിരം സമിതി അധ്യക്ഷൻ എൻ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മൂന്ന് ലക്ഷം രൂപ സിഎംഡിആർഎഫിലേക്ക് സംഭാവന നല്‍കാൻ യോഗം തീരുമാനിച്ചു. കൂറുമാറിയ അംഗമടക്കം 9 പേർ എല്‍ഡിഎഫിന്റെ ഭാഗത്തുനിന്ന് യോഗത്തില്‍ പങ്കെടുത്തു.

16 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിന് എട്ട് (സിപിഐ എം-7, സിപിഐ-1) അംഗങ്ങളാണുള്ളത്. യുഡിഎഫില്‍ കോണ്‍ഗ്രസ്-5, മുസ്ലിം ലീഗ്-2, വെല്‍ഫെയർ പാർട്ടി-1 എന്നതായിരുന്നു കക്ഷിനില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തുല്യവോട്ടുകള്‍ ലഭിച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെയാണ് നടത്തിയത്. സിപിഎമ്മില്‍നിന്ന് 40 വര്‍ഷത്തിനു ശേഷം പിടിച്ചെടുത്ത ഭരണമാണ് യുഡിഎഫ് കൈവിട്ടത്‌.

അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതില്‍ യുഡിഎഫില്‍ വിവാദമുടലെടുത്തു. എല്‍ഡിഎഫിനൊപ്പം ചേർന്ന് അവിശ്വാസത്തെ സ്വതന്ത്ര അംഗം പിന്തുണച്ചതില്‍ പാർട്ടി തലത്തില്‍ അന്വേഷണം വേണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും കത്ത് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!