ചികിത്സക്കിടെ രോഗിയില്‍ നിന്ന് ആക്രമണം; വനിതാ നഴ്‌സിങ് ഓഫീസര്‍ക്ക് പരിക്ക്

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വനിതാ നഴ്‌സിങ് ഓഫീസര്‍ക്ക് നേരെ ആക്രമണം. ചികിത്സിക്കുന്നതിനിടെയാണ് രോഗിയില്‍ നിന്ന് ആക്രമണമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് നഴ്‌സിനെതിരെ അപ്രതീക്ഷിതമായ ആക്രണമുണ്ടായത്. വലതുകൈക്ക് പൊട്ടലേല്‍ക്കുകയും കണ്ണിന് മുകളിലായി മുറിവേല്‍ക്കുകയും ചെയ്ത ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴാം വാര്‍ഡിലെ രോഗി അക്രമണസ്വഭാവം പ്രകടിപ്പിക്കുന്നുവെന്ന് അറിയിച്ചതോടെയാണ് മരുന്നു നല്‍കാന്‍ നഴ്‌സ് എത്തിയത്. ഇന്‍ജക്ഷന്‍ നല്‍കിയ ശേഷം തിരിച്ച് നടക്കുന്നതിനിടെയാണ് നഴ്സിംഗ് ഓഫീസറുടെ പുറത്ത് രോഗി ശക്തിയോടെ ചവിട്ടിയത്. ചവിട്ടിന്റെ ശക്തിയില്‍ തെറിച്ചുപോയ നഴ്‌സിങ് ഓഫീസറുടെ കൈ മുറിയോട് ചേര്‍ന്നുള്ള ഇരുമ്പ് ഗ്രില്ലില്‍ ഇടിച്ച് അസ്ഥിക്ക് ക്ഷതമേറ്റു. ഗ്രില്ലില്‍ തന്നെ ഇടിച്ച് മുഖത്തും മുറിവേറ്റു.

നഴ്‌സിന്റെ കൂടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റിയാണ് മാനസികരോഗി ആക്രമം കാണിച്ചത്. നഴ്‌സിന്റെ മുറിവില്‍ ആറോളം തുന്നല്‍ വേണ്ടി വന്നു. സംഭവത്തില്‍ പ്രതിഷേധവുമായി കേരള ഗവ. നഴ്സസ് അസോസിയേഷന്‍ രംഗത്തുവന്നു. നഴിസിങ് വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ ആശുപത്രി അധികൃതര്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!