ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി / തിരുവനന്തപുരം : ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉച്ചയ്ക്ക് 12 നാണ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കുക. മികച്ച നടനുള്ള പുരസ്‌കാരത്തിന് കാതലിലെയും കണ്ണൂര്‍ സ്‌ക്വാഡിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മില്‍ കടുത്ത മത്സരമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള അവാർഡിനായി ഉർവശിയും പാർവതി തിരുവോത്തും തമ്മിലാണ് കടുത്ത മത്സരം. ഉര്‍വശിക്ക് പുരസ്കാരം ലഭിച്ചാല്‍ കരിയറിലെ ആറാം പുരസ്‌കാരമാണ്. നേര് എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച അനശ്വര രാജൻ, ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മത്സരത്തിനുണ്ട്.

മികച്ച സംവിധായകൻ, സംഗീത സംവിധായകൻ തുടങ്ങിയ പുരസ്കാരങ്ങൾക്കും കടുത്ത മത്സരമാണ് ഇക്കുറി. 160 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിക്കുന്നത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വെെകിട്ട് മൂന്നുമണിക്കാണ് പ്രഖ്യാപിക്കുക. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയും കന്നഡ താരം റിഷഭ് ഷെട്ടിയും തമ്മിലാണ് മത്സരം. നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായാണ് മമ്മൂട്ടി മത്സരിക്കുന്നത്. കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റിഷഭ് ഷെട്ടിയെ പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!