ബെംഗളൂരു : ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിലിൽ പ്രതിസന്ധി. പത്തിലേറെ തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി സംഘവും പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നുണ്ട്.
അടിത്തട്ടിലെ മണ്ണ് തെരച്ചിലിൽ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നേവി നടത്തിയ തെരച്ചിലിൽ ചെറിയ ശുഭ സൂചനങ്ങൾ ലഭ്യമായിട്ടുണ്ട്. ഒരു വാഹനത്തിന്റെ ലോഹഭാഗം ലഭിച്ചിട്ടുണ്ട്. ഇത് അർജുൻ ഓടിച്ച ട്രക്കിന്റെ ഭാഗമല്ലെന്ന് ഉടമ വ്യക്തമാക്കി. ഇതിനിടെ തടി കെട്ടിയ കയറിന്റെ ചില ഭാഗങ്ങൾ ലഭിച്ചു. ഇത് അർജുൻ്റെ വാഹനത്തിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഉച്ചതിരിഞ്ഞും തെരച്ചിൽ തുടരും. നാളെ തെരച്ചിൽ ഉണ്ടാവില്ല. തെരച്ചിൽ മറ്റന്നാള്‍ പുനരാരംഭിക്കും. ഗോവയിൽ നിന്നും ഡ്രഡ്ജർ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.