കോട്ടയം : കോട്ടയം നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ് കേസിന്‍റെ അന്വേഷണം അഴിമതി നിരോധന നിയമം പ്രകാരം വിജിലൻസ് ഏറ്റെടുത്തേക്കും. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകും.
പ്രതി അഖിൽ പി വർഗീസ് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. നേരത്തെ ഇയാൾ ജോലി ചെയ്തിരുന്ന കൊല്ലം നഗരസഭയിയിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ട്. അന്ന് 40 ലക്ഷം രൂപ തട്ടിയ കേസിൽ അഖിൽ നടപടി നേരിട്ടിരുന്നു. തട്ടിപ്പില്‍ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിൽ ഇന്ന് എല്‍ഡിഎഫും ബിജെപിയും പ്രതിഷേധം നടത്തി. അതേസമയം, അഖിൽ ഇടത് യൂണിയൻ അംഗമെന്ന് കോൺഗ്രസ് ആരോപിച്ചു.

2020 മുതൽ 2023 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയായിരുന്നു തട്ടിപ്പ്. വൈക്കം നഗരസഭയിലാണ് ഇപ്പോൾ അഖിൽ ജോലി ചെയ്യുന്നത്. കോട്ടയം നഗരസഭയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് വിരമിച്ച മുനിസിപ്പൽ ജീവനക്കാരുടെ പെൻഷൻ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിലാണ് അപാകത കണ്ടെത്തിയത്.
പെൻഷനർ അല്ലാത്ത ശ്യാമള പി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് അനധികൃതമായി പെൻഷൻ തുക ഇനത്തിൽ പണം അയച്ചതായി കണ്ടെത്തിയത്. അഖിലിൻ്റെ അമ്മയാണ് പി സ്യാമള. കൊല്ലം മങ്ങാട് സ്വദേശിയാണ് അഖിൽ സി വർഗീസ്. ഇയാൾ ഇപ്പോൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
