പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ആരോപണ വിധേയനിൽ നിന്ന് ദുരിതാശ്വാസ ഭവന നിർമ്മാണ സമ്മതപത്രം; എറണാകുളം കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

കൊച്ചി: വയനാട് ദുരന്തത്തില്‍ സഹായം എത്തിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ നിരവധിയുണ്ട്. എന്നാല്‍, മുന്‍കാലങ്ങളില്‍ ഫണ്ട് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ കാരണം ഇക്കുറി സൈബറിടത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. അത്തരം ചര്‍ച്ചകള്‍ക്കിടയില്‍ എറണാകുളം ജില്ലാ കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും കമന്റുകളാല്‍ ശ്രദ്ധ നേടുകയാണ്. വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കുന്നതിനുള്ള സമ്മതപത്രം സ്വീകരിക്കുന്ന ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

കളക്ടര്‍ക്കൊപ്പം നില്‍ക്കുന്ന സക്കീര്‍ ഹുസൈന്‍ എന്ന വ്യക്തിയാണ് ചര്‍ച്ചകള്‍ക്ക് കാരണം. കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയാണ് പ്രളയ ഫണ്ടില്‍ തട്ടിപ്പ് നടത്തിയതെന്ന് ആരോപണമുണ്ടായി രുന്നു. ഇത് മുമ്പ് രാഷ്ട്രീയ വിവാദമായി ഉയര്‍ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കമന്റുകള്‍. പ്രളയഫണ്ടില്‍ വിശ്വാസമില്ലാത്തത് ഇത്തരക്കാര്‍ കാരണമാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

എറണാകുളം ജില്ല ഡ്രിങ്കിംഗ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാടിലെ ദുരിതബാധിതര്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കുന്നതിനുള്ള സമ്മതപത്രം ഭാരവാഹികളില്‍ നിന്ന് സ്വീകരിക്കുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റില്‍ ഭാരവാഹികളുടെ പേര് പറയാത്തത് മന:പൂര്‍വ്വമാണെന്നും ആരോപണമുണ്ട്.

എന്നാല്‍ കളക്ടര്‍ക്ക് ആളെ വലിയ പരിചയമില്ലെന്ന് തോന്നുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകളായി ആളുകള്‍ കുറിച്ചിരിക്കുന്നത്. പ്രളയ ഫണ്ടുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളും, ഹൈക്കോടതി ഇടപെടലുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സക്കീര്‍ ഹുസൈന്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരായ നടപടി കൈക്കൊണ്ടപ്പോള്‍ അതിനെ സ്വാഗതം ചെയ്യുകയാണ് സക്കീര്‍ ഹുസൈന്‍ ചെയ്തത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദമായി വിഷയം ഉയരുമ്പോഴും അതിനെ തള്ളുകയാണ് സക്കീര്‍ ഹുസൈന്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!