‘176, 56’ ശവകുടീരത്തില്‍ അവരാകുമോ?, ഡിഎന്‍എ ഫലം കാത്തിരിക്കുകയാണ്; പുത്തുമലയില്‍ അമ്മയേയും സഹോദരനേയും തിരഞ്ഞ് മുരളീധരന്‍

കല്‍പ്പറ്റ : വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേയും തിരിച്ചറിയാനാവാത്ത ശരീര ഭാഗങ്ങളും സംസ്‌കരിച്ച പുത്തുമലയില്‍ നെഞ്ച് പൊട്ടുന്ന വേദനയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും നില്‍ക്കുന്നത്. 176, 56 എന്ന് നമ്പറിട്ട് രേഖപ്പെടുത്തിയ ശവകുടീരങ്ങളുടെ മുന്നില്‍ ആശങ്കകളോടെ മുരളീധരന്‍ നിന്നു. ഇതില്‍ തന്റെ അമ്മയും ബന്ധുവായ ഹരിദാസുമുണ്ടായേക്കുമോ എന്ന ആശങ്ക ആ മുഖത്ത് കാണാം.

ഉരുള്‍പൊട്ടലില്‍ കാണാതായ ബന്ധുവായ 27കാരന്‍ ഹരിദാസിനെയും തന്റെ അമ്മയേയും തേടിയാണ് മുരളീധരന്‍ അലയുന്നത്. മൃതദേഹങ്ങള്‍ക്കിടയില്‍ പല തവണ തിരഞ്ഞു. മുരളീധരനും ഹരിദാസിന്റെ മൂത്ത സഹോദരന്‍ അരുണും മേപ്പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്കിടയിലും തിരഞ്ഞെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമാണ് പുത്തുമലയില്‍ സംസ്‌കരിച്ചത്. മുരളീധരന്റെ അമ്മയും ഹരിദാസിന്റെ അച്ഛനും കാണായാവരിലുണ്ട്.

അവന്റെ അച്ഛനും എന്‍റെ അമ്മയും ചിലപ്പോള്‍ ഇവിടെയുണ്ടാകാം. അവരുടെ അരികില്‍ തന്നെ അവനും കിടക്കട്ടെയെന്നാണ് മുരളീധരന്‍ പറയുന്നത്. ഹരിദാസിന്റെ ബന്ധുക്കളുടെ രക്ത സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി ശേഖരിച്ചു. വെല്‍ഡറായി ജോലി ചെയ്യുകയായിരുന്നു ഹരിദാസ്. മുരളീധരന്റെ അമ്മയുടെ മൃതദേഹം തിരിച്ചറിയണമെങ്കില്‍ ഡിഎന്‍എ പരിശോധനാ ഫലം വരണം.

മുരളീധരന്റെ വീടും ഹരിദാസിന്റെ വീടും അടുത്തടുത്താണ്. ജോലിയുടെ ആവശ്യത്തിനായി വയനാടിന് പുറത്ത് താമസിക്കുന്നതിനാല്‍ മുരളീധരന്റെ ഭാര്യയും കുട്ടികളും രക്ഷപ്പെട്ടു. പുന്നപ്പുഴ ഗതിമാറി ഒഴുകി വീടിന് മുകളിലൂടെ എല്ലാം തകര്‍ത്ത് പോകുകയായിരുന്നുവെന്നും മുരളീധരന്‍ പറയുന്നു.

10 മുതല്‍ 15 ദിവസം വരെയെടുക്കും ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ വരാന്‍. തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ മൃതദേഹം പുറത്തെടുത്ത് അന്തിമ കര്‍മങ്ങള്‍ നടത്തി വീണ്ടും സംസ്‌കരിക്കണമോ എന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ ഉടന്‍ തീരുമാനമെടുക്കും. മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകളും ബന്ധുക്കളുടെ സാമ്പിളുകളും മാച്ച് ആയാല്‍ മാത്രമേ ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ.

12 അംഗ പ്രത്യേക സംഘമാണ് ഇപ്പോള്‍ ദുരന്ത മേഖലയില്‍ തിരച്ചില്‍ നടത്തുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെയുള്ള സണ്‍റൈസ് വാലിയില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. തിരച്ചില്‍ 9 ാം ദിവസമായ ബുധനാഴ്ചയും തുടരും. കാണാതായ 152 പേരുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!