പാരീസ് : പാരീസ് ഒളിമ്പിക്സിലെ സെമി ഫൈനലിൽ ഇന്ത്യൻ ഹോക്കി ടീമിന് പരാജയം. ജർമ്മനിയുമായി നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ സ്വർണ്ണ മെഡൽ എന്ന ഇന്ത്യയുടെ എക്കാലത്തെയും സ്വപ്നം തകർന്നിരിക്കുകയാണ്. ഇനി ഇന്ത്യൻ ഹോക്കി ടീമിന്റെ മുമ്പിലുള്ളത് വെങ്കല പോരാട്ടമാണ്. വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ സ്പെയിനെ ആയിരിക്കും ഇന്ത്യ നേരിടുക. ഒളിമ്പിക്സ് ഹോക്കിയിലെ ഫൈനൽ പോരാട്ടത്തിൽ ജർമ്മനി നെതർലാൻഡ്സിനെ ആയിരിക്കും നേരിടേണ്ടി വരിക.
പാരീസിലെ യെവ്‌സ്-ഡു-മനോയർ സ്റ്റേഡിയത്തിൽ നടന്ന മെഗാ പോരാട്ടത്തിൽ ഓരോ ഇന്ത്യക്കാരനും കാത്തിരുന്ന ജയമാണ് ഇന്ത്യൻ ഹോക്കി ടീമിന് നഷ്ടപ്പെട്ടത്. മത്സരത്തിൽ ആവേശകരമായ തുടക്കമായിരുന്നു ഇന്ത്യൻ ടീമിന് ലഭിച്ചിരുന്നത്. ആദ്യ 15 മിനിറ്റിനുള്ളിൽ തന്നെ ആദ്യ ഗോൾ നേടാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞിരുന്നു എങ്കിലും പിന്നീട് ജർമനി മുന്നേറുകയായിരുന്നു.
കഴിഞ്ഞ മത്സരങ്ങളിൽ ഓസ്‌ട്രേലിയയെയും ബ്രിട്ടനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ഹോക്കി ടീം സെമിയിൽ പ്രവേശിച്ചിരുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഒടുവിൽ ഇന്ത്യ പൊരുതി തോൽക്കുകയായിരുന്നു. മത്സരത്തിൽ നിരവധി ഗംഭീര സേവുകൾ നടത്തുകയും പെനാൽറ്റി കോർണറുകൾ ഒഴിവാക്കുകയും ചെയ്ത മലയാളി ഗോൾകീപ്പർ ശ്രീജേഷ് പരാജയത്തിലും ഇന്ത്യയുടെ അഭിമാനമാവുകയാണ്. വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരക്ക് ആണ് വെങ്കലത്തിനായുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ പോരാട്ടം നടക്കുക.