കോട്ടയം : ഏറ്റുമാനൂരില്‍ എം.ഡി.എം.എയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മോസ്കോ ഭാഗത്ത് ചെറുകരപറമ്പ് വീട്ടില്‍ കാർത്തികേയൻ (23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജിഭവൻ വീട്ടില്‍ ബിജി ടി. അജി (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ഇവർ ഏറ്റുമാനൂർ കാരിത്താസ് ജങ്ഷന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഏറ്റുമാനൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലോഡ്ജില്‍നിന്ന് ഇരുവരെയും കഞ്ചാവും എംഡിഎംയുമായി പിടികൂടിയത്.
1.46 ഗ്രാം എം.ഡി.എം.എയും 2.56 ഗ്രാം കഞ്ചാവും ഇവരില്‍നിന്ന് കണ്ടെടുത്തു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ അൻസല്‍ എ.എസ്, എസ്.ഐമാരായ സൈജു, ഷാജി, സി.പി.ഒമാരായ അനീഷ് വി.കെ, ലിഖിത, സന്ധ്യ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഏറ്റുമാനൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്പന: യുവാവും, യുവതിയും അറസ്റ്റിൽ
