സ്പെയിൻ യൂറോ ചാമ്പ്യൻമാർ; കലാശപ്പോരിൽ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചു: നാലാം കിരീടം, ‘ഇരട്ടി മധുരം’

ബെര്‍ലിൻ: യുവേഫ യൂറോകപ്പ് കീരിടം ചൂടി സ്‌പെയിൻ. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് സ്പെയിൻ യൂറോ കപ്പിൽ നാലാം കിരീടമുയർത്തിയത്. നിക്കോ വില്ല്യംസും മികേല്‍ ഒയര്‍സവലും ആണ് സ്‌പെയിന് വേണ്ടി ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിനായി കോൾ പാല്‍മര്‍ ഗോള്‍ നേടി. തുടക്കം മുതല്‍ തന്നെ സ്‌പെയിന്‍ ആണ് കളം നിറഞ്ഞ് കളിച്ചത്.

നാല് യൂറോ കിരീടങ്ങൾ നേടുന്ന ആദ്യ ടീം കൂടിയാണ് സ്പെയിൻ. ഒരു ഗോൾ പോലുമില്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ സ്പെയിൻ ഗോൾ കണ്ടെത്തി. 47-ാം മിനിറ്റില്‍ നിക്കോ വില്ല്യംസാണ് ഗോള്‍ നേടിയത്. സ്പെയിൻ മുന്നിലെത്തിയ ശേഷമാണ് ഇംഗ്ലണ്ടിന് ആവേശമുണർന്നത്. പലവട്ടം സ്പാനിഷ് ഗോൾ മുഖത്തേക്ക് അവർ ഇരച്ചെത്തി.

മത്സരത്തിന്റെ 73-ാം മിനിറ്റിൽ കോൾ പാൽമർ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. വിജയത്തിനായി ഇരുടീമുകളും കൗണ്ടർ ആക്രമണമായിരുന്നു നടത്തിയത്. പന്ത് ഇരു ഗോള്‍മുഖത്തേക്കും കയറിയിറങ്ങി. ഒടുവില്‍ 86-ാം മിനിറ്റില്‍ മത്സരത്തിന്‍റെ വിധിയെഴുതിയ ഗോളെത്തി. സ്പാനിഷ് താരം മികേല്‍ ഒയര്‍സവലിന്‍റെ ഷോട്ട് ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോർദാൻ പിക്‌ഫോര്‍ഡിനെ മറികടന്ന് ലക്ഷ്യത്തിലെത്തി.

മറുപടി ഗോളിനായി വീണ്ടും ശ്രമിച്ച ഇംഗ്ലണ്ടിന് അത് നേടാനായില്ല. എല്ലാ മത്സരങ്ങളും വിജയിച്ചാണ് സ്‌പെയിന്‍ ചാമ്പ്യന്‍മാരായത്. ഫ്രാന്‍സ്, ജര്‍മ്മനി, ക്രൊയേഷ്യ എന്നീ വമ്പന്‍മാരെല്ലാം സ്പാനിഷ് പടയോട്ടത്തില്‍ വീണു. 1964, 2008, 2012 വര്‍ഷങ്ങളിലാണ് സ്പെയിൻ ഇതിന് മുൻപ് യൂറോ കപ്പ് വിജയിച്ചത്. സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസ് വിംബിള്‍ഡണ്‍ ചാമ്പ്യൻ ആയതിന് പിന്നാലെ യൂറോകപ്പിൽ കൂടി മുത്തമിട്ടതോടെ സ്പെയിന് ഇരട്ടി മധുരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!