ആകെയുള്ളത് ബിജുവെന്ന പേരും പഴയൊരു ഫോട്ടോയും മാത്രം…ഒറിജിനൽ ‘കേരള ഫയൽസിലെ’ പ്രതി ഏഴ് വർഷത്തിന് ശേഷം വലയിൽ

കൊച്ചി : ഏഴു വർഷം പൊലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഒളിവു ജീവിതത്തിനു ശേഷം ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്ത ബിജു. കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ സ്വപ്ന എന്ന ആന്ധ്രപ്രദേശുകാരിയെ കൊന്ന കേസിലെ പ്രതി. ഈ കേസിൽ ബിജുവിനെ കണ്ടെത്താനായി പൊലീസ് നടത്തിയ അന്വേഷണമാണ് അജു വർഗീസും ലാലും പ്രധാന വേഷങ്ങളിലെത്തിയ കേരള ക്രൈം ഫയൽസ് എന്ന വെബ് സീരിസിന് ആധാരമായതും.

ആധാറോ തിരിച്ചറിയൽ രേഖകളോ ഇല്ലാത്തൊരു പ്രതി. മൊബൈൽ ഫോണില്ല. കൂട്ടുകാരില്ല, ആകെയുളളത് ബിജു എന്നൊരു പേരും അറസ്റ്റിലായ കാലത്തെ ചിത്രവും മാത്രം. നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പ്രതാപ ചന്ദ്രന്റെ നിർദേശ പ്രകാരം ബിജുവിന് പിന്നാലെയിറങ്ങിയ സിവിൽ പൊലീസ് ഓഫിസർ മഹേഷ് ശരിക്കും ഇരുട്ടിൽ തപ്പുകയായിരുന്നു. തിരുവനന്തപുരം കീഴായിക്കോണത്തെ വീട് കേന്ദ്രീകരിച്ച് ഏറെ നാൾ അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല. വർഷങ്ങളായി ബിജുവിനെ അറിയില്ലെന്ന് വീട്ടുകാരും പഴയ കൂട്ടുകാരും പറഞ്ഞു. ബിജു എടുത്തതെന്ന് കരുതുന്നൊരു ആധാർ കാർഡിന് പിന്നാലെ പോയിട്ടും പ്രയോജനമുണ്ടായില്ല.

ബിജു, സൺ ഓഫ് സുകുമാരൻ നാടാർ, കീഴായിക്കോണം എന്നൊരു വിലാസം മാത്രമായിരുന്നു പൊലീസിനുണ്ടായിരുന്നത്. ഈ വിലാസത്തിനു പിന്നാലെ പോയ പൊലീസിന് 35 ബിജുമാരുടെ ഫോൺ നമ്പർ കിട്ടി. ഇതിലൊരു ഫോൺ നമ്പരാണ് മുങ്ങി നടന്ന ബിജുവിലേക്ക് പൊലീസിന് വഴി വെട്ടിയത്.

ബിജു പണ്ടാരിയെന്ന ഹോട്ടൽ സംരംഭകന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്ത് എടുത്ത ആ സിമ്മിൽ നിന്നുളള വിളികളത്രയും എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണെന്ന കണ്ടെത്തലാണ് വഴിത്തിരിവായത്. ആ നമ്പരിനെ പിന്തുടർന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു പിന്നിലെ അഴുക്കും ചെളിയും കക്കൂസ് മാലിന്യങ്ങളുമെല്ലാം നിറഞ്ഞൊരു ഭാഗത്തെ കൊച്ചുമുറിയിലേക്ക് പൊലീസെത്തി. അവിടെ 500 രൂപ മാസ വാടകയ്ക്ക് താമസിച്ചിരുന്ന കൊലയാളി ബിജുവിനെ കിട്ടി.

തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലുമെല്ലാം കഴിഞ്ഞ ഏഴു വർഷത്തിനിടെ വിവിധ ഹോട്ടലുകളിൽ പാചക തൊഴിലാളിയായി ജോലി ചെയ്തായിരുന്നു ജീവിതമെന്നാണ് ബിജു പൊലീസിനോട് പറഞ്ഞത്. ഇതിനിടെ പലകുറി കൊച്ചിയിൽ വന്നു പോയി. നാടാകെ തനിക്കായി അന്വേഷണം നടക്കുമ്പോഴും കൊച്ചി നഗരത്തിലെ പല പൊലീസ് സ്റ്റേഷനുകൾക്കു മുന്നിലൂടെയും കടന്നു പോയിട്ടും തന്നെ ആരും തിരിച്ചറിഞ്ഞില്ലെന്നും ഇതോടെയാണ് നഗരത്തിൽ തന്നെ സ്ഥിര താമസമുറപ്പിക്കാൻ തീരുമാനിച്ചതെന്നു മാണ് ബിജുവിന്റെ മൊഴി.

സ്വപ്ന കൊലക്കേസിന്റെ അന്വേഷണം വെബ് സീരിസായ കാര്യം താൻ അറിഞ്ഞിരുന്നുവെന്നും അത് കണ്ടിരിന്നുവെന്നും പൊലീസിനോട് പറഞ്ഞ ബിജു തനിക്കു വേണ്ടി നടന്ന ഈ രണ്ടാമത്തെ അന്വേഷണവും സിനിമയാകുമോ സാറേ എന്ന് ചോദിച്ചാണ് ജയിലിലേക്ക് കയറിയതത്രേ…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!