നീറ്റ് ക്രമക്കേടില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം; അനുമതി നിഷേധിച്ച് സ്പീക്കര്‍, ബഹളം

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ലോക്‌സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. രാജ്യത്തെ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിത്. ക്രമക്കേടില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ആശങ്കയിലാണ്. വിഷയത്തില്‍ ലോക്‌സഭ ശാന്തമായി ചര്‍ച്ച നടത്തണം. പാര്‍ലമെന്റിലെ പ്രതിപക്ഷവും ഭരണപക്ഷവും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന സന്ദേശമാണ് നല്‍കേണ്ടതെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ തനിക്ക് 22 നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ട്. നീറ്റിലെ ക്രമക്കേടുകളില്‍ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് രാഷ്ട്രപതി പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ട് എന്നും സ്പീക്കര്‍ ഓം ബിര്‍ല മറുപടി പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധം ഉയര്‍ത്തി.

രാജ്യസഭയിലും നീറ്റ് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചു. എന്നാല്‍ ചര്‍ച്ച അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ഇരുസഭകളും ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിമാരായ കെ സി വേണുഗോപാല്‍, മാണിക്കം ടാഗോര്‍ തുടങ്ങിയവരും രാജ്യസഭയില്‍ എഎപി നേതാവ് സഞ്ജയ് സിങും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!