കാഫിര്‍ പോസ്റ്റ്: കേസെടുക്കാത്തതെന്തെന്ന് പ്രതിപക്ഷം; ലതികയുടേത് വര്‍ഗീയതയ്ക്ക് എതിരായ പോസ്‌റ്റെന്ന് മന്ത്രി, സഭയില്‍ വാക്‌പോര്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ വടകരയില്‍ പ്രചരിച്ച കാഫിര്‍ പോസ്റ്റില്‍ നിയമസഭയില്‍ പ്രതിഷേധം. വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരും പാര്‍ട്ടിയും പ്രതിക്കൂട്ടിലാകുന്ന ഒരു കാര്യവും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ല. മന്ത്രിമാര്‍ പ്രതിരോധത്തിലാകുന്ന വിഷയത്തില്‍ ഈ സമീപനം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കാഫിര്‍ പോസ്റ്റില്‍ സിപിഎം മുന്‍ എംഎല്‍എ കെ കെ ലതികയെ മന്ത്രി എംബി രാജേഷ് ന്യായീകരിച്ചു. ലതിക പ്രചരിപ്പിച്ചത് വര്‍ഗീയതയ്ക്ക് എതിരായ പോസ്റ്റാണ്. വിവാദത്തില്‍ ഫെയ്‌സ്ബുക്കില്‍ നിന്നും വിവരങ്ങള്‍ തേടിയിരിക്കുകയാണെന്നും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എംബി രാജേഷ് പറഞ്ഞു. കെ കെ ലതിക കുറ്റം ചെയ്‌തോ ചെയ്തില്ലേ എന്ന വിധി പ്രസ്താവം നടത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചതില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതായും മന്ത്രി രാജേഷ് പറഞ്ഞു. ചോദ്യോത്തരവേള ദുരുപയോഗപ്പെടു ത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

കാഫിര്‍ ചോദ്യത്തില്‍ നിന്ന് വഴിതെറ്റിച്ച് ഭരണപക്ഷം മറ്റു ചോദ്യങ്ങള്‍ ചോദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മിന്റെ മുന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്നും വിഡി സതീശന്‍ ചോദിച്ചു. സൈബര്‍ പ്രചാരണത്തില്‍ സഭയില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത്.

സിപിഎം നേതാവ് പി ജയരാജനെതിരെ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് ഉന്നയിച്ച വിഷയങ്ങളാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസായി സഭയില്‍ ഉന്നയിച്ചത്. പി ജയരാജനും മകനും ഉള്‍പ്പെട്ട ക്രിമിനല്‍ ബന്ധങ്ങള്‍, ജയരാജന്റെ മകന്‍ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിന്റെ കോര്‍ഡിനേറ്റര്‍ ആണ് തുടങ്ങിയ മനു തോമസിന്റെ വെളിപ്പെടുത്തലുകളാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനെതിരായ ആരോപണം എന്ന നിലയില്‍ സര്‍ക്കാര്‍ മറുപടി പറയാന്‍ ബാധ്യസ്ഥമാണെന്നായിരുന്നു നോട്ടീസ് നല്‍കിയ സണ്ണി ജോസഫ് ഉന്നയിച്ചത്. എന്നാല്‍ ഏതെങ്കിലും ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ സഭയില്‍ ഉന്നയിക്കാന്‍ പാടുള്ളൂ എന്ന് മന്ത്രി രാജേഷ് പറഞ്ഞു. ഇതോടെ സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!