പിണറായിയുടെ ബൂത്തില്‍ ബിജെപി വോട്ട് ഇരട്ടിയായി; സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍, നേട്ടമുണ്ടാക്കി എന്‍ഡിഎ

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം വന്‍ തിരിച്ചടി നേരിട്ട ഇടങ്ങളിലെല്ലാം നേട്ടമുണ്ടാക്കി ബിജെപി. ഇടതുപക്ഷത്തിന്റെ കോട്ടകളായി കരുതപ്പെടുന്ന വടക്കേ മലബാര്‍, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഒട്ടുമിക്ക സീറ്റുകളിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍, ബിജെപി വോട്ട് വിഹിതം ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ശക്തികേന്ദ്രങ്ങളിലുണ്ടായ വന്‍ വോട്ടു ചോര്‍ച്ച ഇടതുകോട്ടകളില്‍ ഇളക്കം തട്ടുകയാണോയെന്നും ഇടതുപക്ഷത്തിന്റെ വോട്ട് അടിത്തറ തകര്‍ന്നോയെന്നും സന്ദേഹമുയര്‍ത്തുന്നു. കാസര്‍കോട്, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സിപിഎമ്മിന് വോട്ട് കുറവായിരുന്നു. സിപിഎം ശക്തികേന്ദ്രങ്ങളായ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി എന്നിവിടങ്ങളിലാണ് സിപിഎമ്മിന് വോട്ട് കുറഞ്ഞത്. ഇവിടങ്ങളില്‍ ബിജെപി വോട്ടുകളില്‍ വര്‍ധനയുണ്ടായി.

കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ (161) ബൂത്തില്‍ ബിജെപിയുടെ വോട്ടുകള്‍ ഇരട്ടിയായി. 2019 ല്‍ 53 ആയിരുന്നത് 115 ആയി. ധര്‍മ്മടത്ത് 2019 ല്‍ 8538 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 16,711 ആയി ഉയര്‍ന്നു. 8173 വോട്ടുകളാണ് എൻഡിഎയ്ക്ക് കൂടിയത്. വടകര മണ്ഡലത്തില്‍ തലശ്ശേരിയിലും കുത്തുപറമ്പിലും സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ടു കുറഞ്ഞു. പാലക്കാട്, മലമ്പുഴ, ഷൊര്‍ണൂര്‍ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ പോലും പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറവാണ് ലഭിച്ചത്.

ഇടതു പാര്‍ട്ടികളുടെ ഹൃദയഭൂമിയായ ആലപ്പുഴയില്‍ ചേര്‍ത്തലയിലും അമ്പലപ്പുഴയിലും വോട്ട് അടിത്തറയില്‍ വന്‍ കുറവാണുണ്ടായത്. കോട്ടയം മണ്ഡലത്തില്‍ ഏറ്റുമാനൂരിലും വൈക്കത്തും ഇടത് വോട്ടുകള്‍ ചോര്‍ന്നുവെന്ന് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാണെന്നും കുറ്റപ്പെടുത്തുന്നു. നേതാക്കളുടെ ന്യൂനപക്ഷ പ്രീണനവും അഹങ്കാരവുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്തുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനും പലയിടത്തും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നതിനും പ്രധാന ഘടകമെന്ന് ആലപ്പുഴയില്‍ നിന്നുള്ള മുന്‍ സിപിഎം നേതാവ് അഭിപ്രായപ്പെട്ടു.

പൗരത്വ വിഷയത്തിലടക്കം ന്യൂനപക്ഷങ്ങളെ അമിതമായി പ്രീണിപ്പിക്കുന്ന നിലപാടെടുത്തത്, ഇടതുപക്ഷത്തെ ചില ഹിന്ദു വോട്ടര്‍മാര്‍ നിഷ്‌ക്രിയരാകുകയോ ചില സ്ഥലങ്ങളില്‍ മാറിചിന്തിക്കുന്നതിനോ കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വത്വ രാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും നേതൃത്വത്തോടുള്ള അനിഷ്ടവും മൂലം സിപിഎമ്മിന് പാര്‍ട്ടി പ്രവര്‍ത്തകരെ സാവധാനത്തില്‍ നഷ്ടപ്പെടുന്നതായി രാഷ്ട്രീയ നിരൂപകന്‍ എന്‍ എം പിയേഴ്സണ്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

‘പാര്‍ട്ടിയോടുള്ള നിരാശയുടെ ഭാഗമായി നിരവധി ഈഴവ, മുസ്ലീം പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടി വിട്ട് അവരുടെ സമുദായ സംഘടനകളില്‍ ചേര്‍ന്നു. പാര്‍ട്ടി അനുയായികളായിരുന്ന വിശ്വകര്‍മ പോലുള്ള ചില സമുദായങ്ങള്‍ പൂര്‍ണ്ണമായും സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയുമായി ചേര്‍ന്നു. സിപിഎം യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ വിസമ്മതിക്കുകയും വിജയിക്കാനായി കൂടുതല്‍ ന്യൂനപക്ഷ പ്രീണനത്തിലേക്ക് തിരിയുകയാണെന്നും പിയേഴ്സണ്‍ പറഞ്ഞു.

പ്രതിബദ്ധത പുലര്‍ത്തിയിരുന്ന ഈഴവ വോട്ടര്‍മാരില്‍ 10 ശതമാനത്തോളം സിപിഎമ്മിന് നഷ്ടമായതായി തന്റെ പഠനങ്ങള്‍ തെളിയിക്കുന്നുവെന്ന് പൊളിറ്റിക്കല്‍ അനലിസ്റ്റും കേരള സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസറുമായ കെ എം സജാദ് ഇബ്രാഹിം പറഞ്ഞു. ഈ വോട്ടുകളെല്ലാം ബിജെപിയിലേക്കാണ് പോയത്.

കോണ്‍ഗ്രസിന് പ്രതിബദ്ധതയുള്ള വോട്ടര്‍മാരെ നേരത്തെ തന്നെ നഷ്ടപ്പെട്ടു, ഇപ്പോള്‍ സിപിഎമ്മിന് അവരുടെ പ്രതിബദ്ധതയുള്ള വോട്ടര്‍മാരെ നഷ്ടമാകുകയാണ്. അതേസമയം ബിജെപി വോട്ടുവിഹിതം ക്രമാനുഗതമായി വര്‍ധിപ്പിക്കുകയാണ്. സംസ്ഥാനത്ത് മത്സരം ത്രികോണ പോരാട്ടത്തിന് വഴിമാറിയെന്നും സജാദ് ഇബ്രാഹിം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!