കനത്ത മഴയില്‍ റോഡും പാലവും തകര്‍ന്നു, 80 കാരന്റെ മൃതദേഹം വെള്ളക്കെട്ടിലൂടെ കടന്ന് വീട്ടിലെത്തിച്ചു

കോട്ടയം: കനത്തമഴയില്‍ റോഡും പാലവും വെള്ളത്തിനടിയിലായതി നെത്തുടര്‍ന്ന് വെള്ളക്കെട്ട് കടന്ന് മൃതദേഹം വീട്ടിലെത്തിച്ചത്. പെരിങ്ങര പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ വേങ്ങല്‍ ചാലക്കുഴി ചാന്തുരുത്തില്‍ വീട്ടില്‍ ജോസഫ് മാര്‍ക്കോസിന്റെ (80) മൃതദേഹമാണ് വേങ്ങല്‍ പാരൂര്‍ കണ്ണാട് പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള വാണിയപുരയ്ക്കല്‍-ചാന്തുരുത്തി പടി റോഡിലെ വെള്ളക്കെട്ട് കടന്ന് ബന്ധുക്കളും സമീപവാസികളും എത്തിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ജോസഫ് മാര്‍ക്കോസ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത കനത്തമഴയെ തുടര്‍ന്ന് 300 മീറ്ററോളം ദൂരവും നാലടിയോളം വീതിയുമുള്ള റോഡ് വെള്ളത്തിലായിരുന്നു.

തുടര്‍ന്ന് തെങ്ങിന്‍ തടിയും ഇരുമ്പ് പാളിയും ഉപയോഗിച്ച് 150 മീറ്റര്‍ നീളത്തില്‍ താല്‍ക്കാലിക പാലം നിര്‍മിച്ചു. എന്നാല്‍ വെള്ളിയാഴ്ച തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ ഈ പാലവും വെള്ളത്തിനടിയിലായി. അന്ത്യശുശ്രൂഷകള്‍ക്കായി ശനിയാഴ്ച രാവിലെ 9 മണിയോടെ വെള്ളക്കെട്ടിലൂടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 11 മണിയോടെ പെരുന്തുരുത്തി സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ പള്ളി സെമിത്തേരിയിലെ സംസ്‌കാര ചടങ്ങുകള്‍ക്കായി വീണ്ടും വെള്ളക്കെട്ടിലൂടെ തന്നെ കരയ്ക്ക് എത്തിക്കുകയായിരുന്നു.

5 കുടുംബങ്ങളാണ് തുരുത്തില്‍ താമസിക്കുന്നത്. വര്‍ഷത്തില്‍ ആറുമാസത്തിലധികവും തങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മഴക്കാലത്ത് റോഡ് വെള്ളത്തില്‍ മുങ്ങുന്നതോടെ രോഗബാധിതരെ കസേരയിലിരുത്തി വെള്ളക്കെട്ട് നീന്തിക്കടന്നാണ് ആശുപത്രിയില്‍ എത്തിക്കുന്നതെന്നും ഇവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!