വീട്ടില്‍ പോകാന്‍ വണ്ടിയില്ല; കെഎസ്ആര്‍ടിസി യിലെ സിഐടിയു നേതാവ്   വര്‍ക്ക്ഷോപ്പ് വാനുമായി വീട്ടില്‍ പോയി

( പ്രതീകാത്മക ചിത്രം)

പാലാ : ജോലി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ വണ്ടിയില്ലാത്തതിന് കെഎസ്ആര്‍ടിസി യിലെ സിഐടിയു നേതാവുകൂടിയായ ഡ്രൈവര്‍ സജീവ് ഡിപ്പോയിലെ വര്‍ക്ക്ഷോപ്പ് വാനുമായി വീട്ടില്‍ പോയ സംഭവം വിവാദത്തിലേക്ക്.

ഒരാഴ്ച മുമ്പാണ് നേതാവ് ജോലി കഴിഞ്ഞ് പാലാ ഡിപ്പോയിലെ വര്‍ക്ക്ഷോപ്പ് വാനുമായി നേതാവ് വീട്ടില്‍ പോയത്. ഡിപ്പോ അധികൃതര്‍ മൂടിവച്ച വിവരം ഇന്നലെയാണ് പുറത്തറിഞ്ഞത്. പൊന്‍കുന്നത്തുനിന്ന് പാലായിലേക്ക് സ്ഥലം മാറി വന്ന നേതാവിന് രാത്രി പാലായില്‍ നിന്ന് പൊന്‍കുന്നത്തേക്ക് പോകാന്‍ വണ്ടി കിട്ടാത്തതു കൊണ്ടാണ് വാന്‍ കൊണ്ടുപോയതെന്നും, അതല്ല പിറ്റേന്ന് ഇയാള്‍ക്ക് വര്‍ക്ക്ഷോപ്പ് വാനിലാണ് ഡ്യൂട്ടി, അപ്പോള്‍ പുലര്‍ച്ചെ ഡ്യൂട്ടിക്ക് വരാന്‍ വണ്ടിയില്ലാത്തതുകൊണ്ട് തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തലേദിവസം വര്‍ക്ക് ഷോപ്പ് വാനുമായി വീട്ടില്‍ പോയതാണെന്നും ആക്ഷേപം ഉണ്ട്.

നേതാവ് വാനുമായി വീട്ടില്‍ പോയ ശേഷം യാത്രക്കാരുമായി വന്ന ഒരു കെഎസ്ആര്‍ടിസി ബസ് പാലായ്ക്ക് സമീപം ബ്രേക്ക്ഡൗണായി കിടക്കുകയാ ണെന്ന് ഡിപ്പോയില്‍ വിവരം ലഭിച്ചു.
ബസ് നന്നാക്കാനും കെട്ടിവലിക്കാനുമുള്ള വര്‍ക്ക്ഷോപ്പ് ഉപകരണങ്ങളുമായി സംഭവസ്ഥലത്തേക്ക് പോകാന്‍ മെക്കാനിക്കുകള്‍ വര്‍ക്ക്ഷോപ്പ് വാന്‍ അന്വേഷിച്ചപ്പോഴാണ് വാന്‍ ഡിപ്പോയില്‍ ഇല്ലെന്ന കാര്യം ഉദ്യോഗസ്ഥര്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നേതാവ് വാഹനവുമായി പോയ വിവരം അധികൃതര്‍ അറിയുന്നത്. പകരം മറ്റൊരു യാത്രാ ബസുമായിട്ടാണ് മെക്കാനിക്കുമാര്‍ ബ്രേക്ക്ഡൗണായ ബസ് നന്നാക്കാന്‍ പോയത്.

വര്‍ക്ക്ഷോപ്പ് വാന്‍ കാണാതെ വന്നതോടെ വളരെ വൈകിയാണ് ബ്രേക്ക്ഡൗണായ ബസിനരികിലേക്ക് മെക്കാനിക്കുകള്‍ എത്തിയതെന്ന് ബസിലെ ജീവനക്കാരും, യാത്രക്കാരും പറയുന്നു. കെഎസ്ആർടിസി യുടെ ഉടമസ്ഥതയിലുള്ള വാഹനം ഒരു ജീവനക്കാരനും സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാൻ നിലവിൽ അനുവദനീയമല്ല. ഈ സാഹചര്യത്തിൽ ട്രേഡ് യൂണിയൻ നേതാവ് നടത്തിയത് നിയമ ലംഘനമാണ്.

നിയമം ലംഘിച്ച് വാഹനം വീട്ടില്‍ കൊണ്ടുപോകുന്ന വഴിയില്‍ ഏതെങ്കിലും തരത്തിലുള്ള അപകടത്തില്‍പെട്ടാല്‍ ഉടമസ്ഥനായ കെഎസ്ആആര്‍ടിസി സിഎംഡി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതിയാകും. അതിനാൽ ഇത് വലിയ ഗുരുതര പ്രശ്നമാണെന്ന് തന്നെയാണ് കെഎസ്ആർടിസി യുമായി ബന്ധപ്പെട്ടവർ തന്നെ പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പാലാ ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വരും ദിവസങ്ങളില്‍ അന്വേഷണം നടക്കുമെന്നും, കെഎസ്ആര്‍ടിസി വിജിലന്‍സ് സ്വമേധയാ അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച വിവരം വ്യാഴാഴ്ചയാണ് അറിയുന്നതെന്നും വീഴ്ചയുണ്ടായിട്ടു ണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും ഡിപ്പോ മേധാവി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!