ജാർഖണ്ഡിലെ കോൺഗ്രസ് മന്ത്രിയുടെ സഹായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; പിടിച്ചെടുത്തത് 25 കോടി രൂപ

റാഞ്ചി : ജാർഖണ്ഡില്‍ ഇഡി റെയ്ഡില്‍ 25 കോടി രൂപ പിടികൂടി. മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിലെ പരിശോധനയിലാണ് പണം പിടികൂടിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലാണ് പരിശോധന. റാഞ്ചിയില്‍ ഒമ്പത് സ്ഥലങ്ങളിലാണ് അന്വേഷണ ഏജൻസി ഒരേസമയം റെയ്ഡ് നടത്തിയത്.

കഴിഞ്ഞ വർഷം ഇഡി എടുത്ത കേസിലാണ് പരിശോധന. 2023ല്‍ ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയറായ വീരേന്ദ്ര റാമിനെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു ഇഡിയുടെ പരിശോധന.

അതിനിടെയാണ് തദ്ദേശ വികസന വകുപ്പ് മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിലെ പരിശോധനയില്‍ പണം കണ്ടെത്തിയതെന്ന് ഇഡി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരമാണ് (പിഎംഎല്‍എ) ഇഡി കേസെടുത്തത്.

തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കാനായി കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ജാർഖണ്ഡ് ബിജെപി വക്താവ് പ്രതുല്‍ ഷാദേവ് ആവശ്യപ്പെട്ടു.

70 കാരനായ അലംഗീർ ആലം കോണ്‍ഗ്രസ് നേതാവാണ്. പാകൂർ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!