ഭുവനേശ്വർ : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ പാർട്ടിക്ക് വൻ തിരിച്ചടി. ബിജെഡി പാർട്ടിയിൽ നിന്ന് നിരവധി നേതാക്കളും പ്രവർത്തകരും ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രിയും സംബൽപൂരിലെ ബിജെപി ലോക്സഭാ സ്ഥാനാർഥിയുമായ ധർമേന്ദ്ര പ്രധാനിന്റെ സാന്നിദ്ധ്യത്തിലാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മറ്റ് പാർട്ടികളിലെ അംഗങ്ങളും പ്രമുഖ നേതാക്കളും ബിജെപിയിൽ ചേരുന്നതെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഒഡീഷ മാറ്റത്തിലേക്ക് നീങ്ങി. അതിനാൽ ബിജെഡിയിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും ആളുകൾ ബി ജെ പിയിൽ ചേരുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംബൽപൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ ധർമ്മേന്ദ്ര പ്രധാൻ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് . മെയ് 25നാണ് സംബാൽപൂരിൽ വോട്ടെടുപ്പ്. ഒഡീഷയിൽ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നാല് ഘട്ടങ്ങളിലായാണ് നടക്കുക . ഒന്നാം ഘട്ടം മെയ് 13 നും രണ്ടാം ഘട്ടം മെയ് 20 നും മൂന്നാം ഘട്ടം മെയ് 25 നും അവസാന ഘട്ടം ജൂൺ 1 നുമാണ്. ജൂൺ 4 ന് ഫലം പ്രഖ്യാപിക്കും.
