തിരുവനന്തപുരം : കേരളത്തിലെ ലൗ ജിഹാദിനെ കുറിച്ച് വ്യക്തമാക്കുന്ന ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ബദൽ അല്ല മണിപ്പൂർ സ്റ്റോറിയെന്ന ഡോക്യുമെന്ററി എന്ന് കെസിബിസി ജാഗ്രത കമ്മീഷൻ.
ദീപിക പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാദർ മൈക്കിൾ പുളിക്കൽ ഇക്കാര്യം വ്യക്തമാക്കിയത്. കേരള സ്റ്റോറി എന്ന ചിത്രം പറയുന്ന പ്രസക്തമായ വിഷയം വഴിതിരിച്ചുവിടുന്നത് വിഡ്ഢിത്തം ആണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വിവിധ രൂപതകൾ കേരള സ്റ്റോറി എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ എതിർത്ത് മണിപ്പൂർ സ്റ്റോറി എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നത് എറണാകുളം-അങ്കമാലി അതിരൂപത ആയിരുന്നു. വിവാദ വികാരിയായ നിധിൻ പനവേലിൽ കേരള സ്റ്റോറി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ കെസിബിസി ജാഗ്രത കമ്മീഷൻ രംഗത്ത് എത്തിയിട്ടുള്ളത്.
പെൺകുട്ടികളെ പ്രണയ കുരുക്കിൽപ്പെടുത്തി തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്ന ലൗ ജിഹാദ് കേരളത്തിൽ നടക്കുന്നുണ്ട് എന്ന് കുട്ടികൾക്ക് മനസ്സിലാക്കുന്നതിന് ആയാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചതെന്ന് നേരത്തെ വിവിധ രൂപതകൾ വ്യക്തമാക്കിയിരുന്നു.
താമരശ്ശേരി, തലശ്ശേരി രൂപതകൾ കേരള സ്റ്റോറിക്ക് പിന്തുണ നൽകിയിരുന്നു. സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ കെസിവൈഎമ്മും സിനിമ കാണണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.