‘സമൂഹത്തെ ഭിന്നിപ്പിക്കുന്നത് കലയല്ല’; കേരള സ്റ്റോറി പ്രദര്‍ശനത്തിനെതിരെ പാളയം ഇമാം

തിരുവനന്തപുരം: വിവാദ സിനിമയായ ദി കേരള സ്റ്റോറി പള്ളികളില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വിമര്‍ശനവുമായി തിരുവനന്തപുരം പാളയം ഇമാം വിപി സുഹൈബ് മൗലവി. സമൂഹത്തെ ഭിന്നിപ്പിക്കുന്നത് കലയല്ല. കള്ളം പ്രചരിപ്പിക്കുന്നവരുടെ കയ്യിലെ ഉപകരണം ആകരുത്. ലവ് ജിഹാദ് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പാളയം ഇമാം പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

പരസ്പര സ്‌നേഹത്തോടുകൂടി ജീവിക്കുന്ന സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് പലയിടങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് കേരളത്തില്‍ വീണ്ടും ചര്‍ച്ചയാകുന്ന കേരള സ്റ്റോറി എന്ന സിനിമ. പൂര്‍ണമായും വസ്തുതാ വിരുദ്ധമായ കാര്യമാണ് ഇത്തരം സിനിമകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

സിനിമ വഴി കുപ്രചരണം നടത്താനാണ് ശ്രമം. ഇതില്‍ വഞ്ചിതരാകരുത്. ഇത്തരം സിനിമകള്‍ പ്രചരിപ്പിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, നാം കള്ളം പ്രചരിപ്പിക്കുന്ന ആളുകളുടെ കയ്യിലെ കൂടായി മാറാന്‍ പാടില്ല എന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി ആവശ്യപ്പെട്ടു. ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന സര്‍ക്കാരിനായി വോട്ടു ചെയ്യണമെന്നും ഈദ് സന്ദേശത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു.

പലസ്തീന്‍ ജനതയെയും പാളയം ഇമാം ഈദ് സന്ദേശത്തില്‍ അനുസ്മരിച്ചു. പലസ്തീന്‍ ജനത അനുഭവിക്കുന്ന വിഷമതകള്‍ മനസ്സിലാകാതെ പോകരുത്. ഇസ്രയേല്‍ വീണ്ടും വീണ്ടും കടന്നാക്രമിക്കുന്നു. പൊലസ്തീനൊപ്പമെന്നാല്‍ മനുഷ്യത്വത്തിനൊപ്പം. ഇസ്രയേലിനൊപ്പമെന്നാല്‍ പിശാചിനൊപ്പമാണ്. ഇസ്രയേല്‍ ഉത്പന്നങ്ങള്‍ നിരോധിക്കണം. സയണിസ്റ്റ് അജണ്ടയ്ക്ക് സമമാണ് ഇന്നത്തെ ഇന്ത്യയിലെ അവസ്ഥയെന്നും പാളയം ഇമാം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!