മുൻ ഭാര്യയോട് പക, വിൽക്കാനിട്ട കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങി എംഡിഎംഎ ഒളിപ്പിച്ചു: മുഖ്യപ്രതി പിടിയിൽ

ബത്തേരി: കാറിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് മുൻ ഭാര്യയേയും ഭർത്താവിനേയും കുടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ചീരാൽ സ്വദേശിയായ കുണ്ടുവായിൽ ബാദുഷ (25) ആണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ ബത്തേരി പൊലീസ് ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്.

വില്‍പനയ്ക്കായി വെബ്സൈറ്റിൽ നൽകിയിരുന്ന കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി മയക്കുമരുന്ന് ഒളിപ്പിക്കുകയായിരുന്നു. 10000 രൂപ വാങ്ങി ബാദുഷയുടെ സുഹൃത്ത് പി.എം. മോന്‍സി (30) ആണ് കൃത്യം നടത്തിയത്. സംഭവം നടന്ന് അടുത്ത ദിവസം തന്നെ ഇയാളെ പൊലീസ് പിടിച്ചതോടെ കള്ളിവെളിച്ചത്തായത്. ഒളിവിലായിരുന്ന ബാദുഷയ്ക്കെതിരെ ബത്തേരി പൊലീസ് ലുക്കൗട്ട്‌ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്നാണ് വെള്ളിയാഴ്ചയാണ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവച്ച് ബത്തേരി പൊലീസിനു കൈമാറിയത്.

ഇക്കഴിഞ്ഞ മാർച്ച് 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തുനിന്നും വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണ് ബത്തേരി സ്‌റ്റേഷനില്‍ ലഭിക്കുന്നത്. വിവരമറിഞ്ഞയുടന്‍ ബത്തേരി പൊലീസ് കോട്ടക്കുന്ന് ജംക്‌ഷനില്‍ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

എന്നാല്‍, തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പൊലീസിനു ബോധ്യപ്പെട്ടു. തുടര്‍ന്ന് ഇവരോട് എവിടെനിന്ന് വരികയാണ് എന്ന് ചോദിച്ചറിഞ്ഞു. വിൽക്കാനിട്ടിരിക്കുന്ന ഇവരുടെ വാഹനം ടെസ്റ്റ് ഡ്രൈവിനായി ശ്രാവണ്‍ എന്നൊരാള്‍ക്ക് കൊടുക്കാന്‍ പോയതാണെന്ന് അറിയിച്ചു. ഉറപ്പുവരുത്താനായി ശ്രാവണിന്റെ നമ്പര്‍ വാങ്ങി പൊലീസ് വിളിച്ചു നോക്കിയപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. ബാദുഷയ്ക്ക് ദമ്പതികളോടുള്ള വിരോധം മൂലം കേസില്‍ കുടുക്കാനായാണ് പദ്ധതിയിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!