ഉത്സവത്തിനിടെ സംഘര്‍ഷം; മരണം രണ്ടായി

തൃശ്ശൂര്‍: മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടിൽ പ്രഭാകരന്റെ മകൻ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ദിവസം ഉത്സവത്തിന്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂർക്കനാട് ആലുംപറമ്പിൽ വച്ച് സംഘർഷം നടന്നത്. മുൻപ് നടന്ന ഫുട്ബോൾ ടൂർണമെന്റിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണെന്ന് പൊലീസ് പറഞ്ഞു.

സംഘം ചേർന്ന് ചേരിതിരിഞ്ഞ് നടന്ന സംഘർഷത്തിൽ ആറോളം പേർക്ക് കുത്തേറ്റിരുന്നു. ഇതിൽ വെളുത്തൂർ സ്വദേശി അക്ഷയ് (21) സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. നാല് പേർ ഇപ്പോഴും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗുരുതര പരിക്കേറ്റ സന്തോഷ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. ഇയാളുടെ ആന്തരിക അവയവങ്ങൾക്ക് കത്തിക്കുത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതികൾ ഇനിയും പിടിയിലായിട്ടില്ല. പോലീസ് ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!