സാമ്പത്തിക പ്രതിസന്ധി രൂക്ഷം..കടമെടുപ്പിന് അനുമതിയായില്ല..കേന്ദ്രത്തെ സമീപിക്കാൻ കേരളം

തിരുവനന്തപുരം : സാമ്പത്തിക വർഷം ആരംഭിച്ചു 4 ദിവസം പിന്നിട്ടിട്ടും കേരളത്തിന് ഇതുവരെയും കടമെടുപ്പിന് അനുമതി ലഭിച്ചിട്ടില്ല. ഇതോടെ കേന്ദ്ര സർക്കാരെ സമീപിക്കാൻ ഒരുങ്ങുകയാണ് കേരളം.

സാമ്പത്തിക വർഷം ആരംഭിക്കും മുൻപു തന്നെ കിട്ടേണ്ട അനുമതിയാണ് ഇപ്പോളും വൈകുന്നത്. ഇതു കാരണം, റിസർവ് ബാങ്കിൽ നിന്നു വെയ്സ് ആൻഡ് മീൻസ് അഡ്വാൻസും നികുതി വരുമാനങ്ങളും ട്രഷറിയിൽ ബാക്കിയുണ്ടായിരുന്ന തുകയും വച്ചാണു സർക്കാർ ശമ്പളവും പെൻഷനും പെൻഷൻ പരിഷ്കരണ കുടിശികയും മറ്റും വിതരണം ചെയ്യുന്നത്. വൈകാതെ ഓവർഡ്രാഫ്റ്റും എടുക്കേണ്ടി വരും. രണ്ടാഴ്ചയ്ക്കുള്ളിൽ 2 മാസത്തെ ക്ഷേമ പെൻ‌ഷൻ വിതരണം ചെയ്യാൻ 1,500 കോടിയോളം രൂപ കൂടി കണ്ടെത്തുകയും വേണം.

കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ 44,528 കോടിയാണ് ഈ വർഷം സംസ്ഥാന സർക്കാർ കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. ഈ വർഷം ഓരോ സംസ്ഥാനത്തിനും ആകെ കടമെടുക്കാവുന്ന തുക എത്രയാണെന്നു കേന്ദ്രം അറിയിച്ച ശേഷമേ കടപ്പത്രം പുറപ്പെടുവിക്കാൻ റിസർവ് ബാങ്ക് അവസരമൊരുക്കൂ.

ഇതുവരെ ഈ നടപടിക്രമം കേന്ദ്രസർക്കാർ പൂർത്തിയാക്കാത്തതിനാൽ അതു ചെയ്യുംവരെ ഇടക്കാല വായ്പയ്ക്കാണ് കേരളം അനുമതി തേടുന്നത്. കടമെടുക്കുന്ന തുക പിന്നീട് അനുവദിക്കുന്ന തുകയിൽ ക്രമീകരിക്കാമെന്നും അറിയിക്കും. കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലൂടെയാണ് കേരളം കടന്നുപോകുന്നത് .

സർവീസ് പെൻഷൻകാരിൽ ഒരു വിഭാഗത്തിന് ഇതുവരെ പെൻഷൻ പരിഷ്കരണ കുടിശിക ലഭിച്ചിട്ടില്ല എന്ന പരാതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു വിരമിച്ച ഒട്ടേറെപ്പേർക്കും പെൻഷൻ ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!