‘ഒരിക്കലും പണിതീരാത്ത പാത’ ഉദ്ഘാടനത്തിന് തയ്യാറാകുന്നു; രാജ്യത്തെ ആദ്യ എലിവേറ്റഡ് അതിവേഗ പാതയിൽ മാർച്ച് 11ന് മോദിയുടെ വമ്പൻറോഡ് ഷോ

 ഡൽഹിയിലെ ദ്വാരകയെയും ഹരിയാനയിലെ ബന്ധിപ്പിക്കുന്ന ‘ദ്വാരക എക്സ്പ്രസ്‌വേ’ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. മാർച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതോടെ അവസാനമാകുന്നത് ഒന്നരപ്പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പാണ്. ഉദ്ഘാടനവിവരം അറിയിച്ചത് കേന്ദ്രമന്ത്രി ഇന്ദ്രജിത് സിങ്ങാണ്. ഒരിക്കലും പണിതീരാത്ത പാത എന്ന കുപ്രസിദ്ധി ദ്വാരക ഇക്കാലയളവിനിടയിൽ നേടിയിരുന്നു. പല തടസ്സങ്ങളെ മറികടന്നാണ് ഒടുവിൽ പാതയുടെ പണി പൂർത്തീകരിച്ചിരിക്കുന്നത്.

ഡൽഹിയിൽ നിന്ന് ദ്വാരക എക്സ്പ്രസ്‌വേയിലൂടെ ഒരു റോഡ് ഷോ സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറെടുക്കുകയാണ്. റാലിയിൽ 5000 പേർ പങ്കെടുക്കും. ഗുഡ്ഗാവ് ലോക്സഭാ മണ്ഡലത്തിലെ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ റാലിയായി ഇത് മാറും. റേവാരിയിൽ എഐഐഎംഎസിന് തറക്കല്ലിട്ട ശേഷം നടത്തിയ വമ്പൻ പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു.

2023 ഡിസംബറോടെ ദ്വാരക എക്സ്പ്രസ്‌വേയുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് കഴിഞ്ഞവർഷം ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു. ആ സമയം പാലിച്ച് പണി പൂർത്തീകരിച്ചെങ്കിലും ദേശീയപാതാ അതോരിറ്റിയുടെ സുരക്ഷാ ഓഡിറ്റിനായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സുരക്ഷാ ഓഡിറ്റ് പൂർത്തിയായി. രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയാണ് ദ്വാരക എക്സ്പ്രസ്‌വേ. 10,000 കോടി രൂപ മുതല്‍ മുടക്കിയാണ് ഡല്‍ഹിയെയും ഗുരുഗ്രാമിനെയും ബന്ധിപ്പിക്കുന്ന ആ റോഡ് പണി തീർത്തിരിക്കുന്നത്. നിയന്ത്രിത പ്രവേശനമുള്ള രാജ്യത്തെ ആദ്യ എട്ടുവരിപ്പാത എന്ന വിശേഷണവും ഈ പാതയ്ക്കുണ്ട്.

29 കിലോമീറ്റര്‍ ദൈർഘ്യമാണ് ഈ പാതയ്ക്കുള്ളത്. ഡല്‍ഹിയിലെ അഴിയാത്ത ഗതാഗതക്കുരുക്കും വാഹനങ്ങളുണ്ടാക്കുന്ന വായു-ശബ്ദമലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യമാണ് ആ പാതയുടെ പൂർത്തീകരണത്തോടെ നടപ്പാകുന്നത്. ഗതാഗതക്കുരുക്കുകൾ വലിയൊരളവ് കുറയുമെന്നതിൽ സംശയമില്ല. പാതയുടെ 18.9 കിലോമീറ്റര്‍ ഹരിയാനയിലൂടെയാണ് പോകുക. ബാക്കി വരുന്ന 10.1 കിലോമീറ്റര്‍ ഡല്‍ഹിയിലൂടെയും.

ദ്വാരക എക്സ്പ്രസ്‌വേയിൽ ഓടുന്ന ദൂരത്തിനനുസരിച്ചാണ് ടോൾ അടയ്ക്കേണ്ടി വരിക. പ്രത്യേക ജി.പി.എസ്. സംവിധാനം ഉപയോഗിച്ചാണ് ഈ ടോൾ ഈടാക്കുക.

2006-ലാണ് ഹരിയാന സര്‍ക്കാര്‍ ഈ പാത നിർമ്മിക്കാൻ ആശയം മുമ്പോട്ടുവെച്ച് രംഗത്തെത്തിയത്. 2010-ല്‍ നിര്‍മാണത്തിന് തുടക്കമിട്ടിരുന്നെങ്കിലും സ്ഥലമേറ്റെടുക്കുന്നതില്‍ ജനങ്ങളും സര്‍ക്കാരുമായുണ്ടായ ഭിന്നതയില്‍ തുടര്‍നടപടികള്‍ തടസ്സപ്പെട്ടു. സര്‍ക്കാരും ജനങ്ങളും കോടതി കേറിയിറങ്ങി. 2016-ല്‍ ഹരിയാന സര്‍ക്കാരിന്റെ അപേക്ഷ മാനിച്ച് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്തതോടെയാണ് ദ്വാരക അതിവേഗപാത പദ്ധതിക്ക് വീണ്ടും ജീവന്‍ വെച്ചത്. പക്ഷെ പണി പിന്നെയും വൈകി. പിന്നീട് 2018ൽ പദ്ധതിക്ക് ജീവൻ വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!