കോഴിക്കോട് റോഡിനു സമീപം ജലാറ്റിൻ സ്റ്റിക്കുകൾ ഉപേക്ഷിച്ച നിലയിൽ; കണ്ടത് എട്ട് പെട്ടികളിൽ

കോഴിക്കോട്: കോഴിക്കോട്ടെ കാരശേരിയിൽ സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 800 ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. കാരശേരി പഞ്ചായത്തിലെ വലിയപറമ്പ് – തോണ്ടയിൽ റോഡിനു സമീപത്തെ പറമ്പിലാണ് എട്ട് പെട്ടി ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. പെട്ടികളിൽ അശ്രദ്ധമായി കൂട്ടിയിട്ട നിലയിലായിരുന്നു ഇവ.

പൊളിക്കാത്ത ആറ് പെട്ടികളിലും പൊളിച്ച രണ്ടു പെട്ടികളിലുമാണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. ഇവ പാറമടയിലേക്ക് എത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. പാറമടകളിൽ പരിശോധന നടക്കുമ്പോൾ അളവിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ ഉണ്ടെങ്കിൽ പിടിച്ചെടുക്കാറുണ്ട്. ഇത്തരം പരിശോധന ഭയന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിൻ്റെ സംശയം.

മുക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ജലാറ്റിൻ സ്റ്റിക്കുകൾ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നടപ്പുവഴിക്ക് സമീപം സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!