റബര്‍ തോട്ടത്തിന് തീ പിടിച്ചു; ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ പൂർണ്ണമായി കത്തിനശിച്ചു

എടക്കരയില്‍ റബര്‍ തോട്ടത്തില്‍ തീ പിടിച്ച് അടിക്കാടുകള്‍ പൂർണ്ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം പെരുങ്കുളത്താണ് ഉച്ചക്ക് 12 മണിയോടെ റബര്‍ തോട്ടത്തിന് തീ പിടിച്ചത്. തോട്ടത്തിന് സമീപത്ത് 5 കുടുംബങ്ങള്‍ വീട് നിർമ്മിക്കുന്നതിനായി  വാങ്ങിയ സ്ഥലത്തും തീ പടര്‍ന്നു പിടിച്ചു. ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ പൂർണ്ണമായി കത്തിനശിച്ചിട്ടുണ്ട്. ശക്തമായ കാറ്റും,  ചൂടും തീയണയ്ക്കുന്നതിന് തടസമായി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടക്കരയില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ വി കെ കമറുദ്ദീന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ട്രോമ കെയര്‍ പ്രവര്‍ത്തകരും ഉടന്‍തന്നെ സ്ഥലത്ത് എത്തി തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഈ സമയം നിലമ്പൂരില്‍ നിന്നും ഫയര്‍ ഓഫീസർ  കെ പി ബാബു രാജിന്‍റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ഇതിനകം എടക്കര പോലീസും ട്രോമാ കെയര്‍ അംഗങ്ങളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. ഹംസ പാലാങ്കര, ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാർ കൂടി ചേര്‍ന്നാണ് തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!