ന്യൂഡല്‍ഹി: ബിജെപി നേതാവ് എല്‍കെ അഡ്വാനി ആധുനിക ഇന്ത്യയിലേക്ക് വഴി തെളിച്ച നേതാവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. നവംബര്‍ എട്ടിന് അഡ്വാനിയുടെ ജന്മദിനത്തില്‍ ആശംസ അറിയിച്ചുകൊണ്ട് പങ്കുവച്ച എക്‌സ് കുറിപ്പിലാണ് തരൂരിന്റെ പ്രതികരണം.
ആദരണീയനായ എല്‍കെ അഡ്വാനിക്ക് 98-ാം ജന്മദിനാശംസകള്‍! പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും, എളിമയും മാന്യതയും, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും വിസ്മരിക്കാനാവാത്തതാണ്. മാതൃകാപരമായ സേവന ജീവിതം നയിച്ച ഒരു യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞന്‍. എന്നാണ് തരൂരിന്റെ കുറിപ്പ്. അഡ്വാനിക്കൊപ്പമുള്ള പഴയ ഫോട്ടോയും തരൂര്‍ എക്‌സില്‍ പങ്കുവച്ചു.
രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിന്റെ പേരില്‍ നെഹ്റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിച്ച തരൂരിന്റെ നടപടിയില്‍ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് അഡ്വാനിയെ പ്രശംസിച്ചുകൊണ്ടുള്ള പ്രതികരണം. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിടുന്നതാണെന്നായിരുന്നു തരൂരിന്റെ വിമര്‍ശനം.
