ന്യൂഡല്‍ഹി : എയര്‍ലിഫ്റ്റിനായി ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു. കുട്ടിയുടെ ജീവരക്ഷിക്കുന്നതിന് ഇന്ത്യന്‍ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് കുട്ടിമരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്‌ട്രോക്ക് ബാധിച്ച കുട്ടിയെ ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വീട്ടില്‍ നിന്ന് തലസ്ഥാന നഗരമായ മാലെയിലേക്ക് കൊണ്ടുപോകാനാണ് കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ അടിയന്തരമായി കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടി ക്രമീകരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുകയായിരുന്നു. 16 മണിക്കൂറിനുശേഷം വ്യാഴാഴ്ച രാവിലെ എയര്‍ ആംബുലന്‍സിനുള്ള അനുമതി നല്‍കിയപ്പോള്‍ കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ ജനപ്രതിനിധികളടക്കം സര്‍ക്കാരിനെതിരെ രംഗത്തെത്തി. ‘ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തൃപ്തിപ്പെടുത്താന്‍ ആളുകള്‍ അവരുടെ ജീവന്‍ പണയം വയ്‌ക്കേണ്ടതില്ല’, കുട്ടിയുടെ മരണത്തെക്കുറിച്ച് പ്രതികരിച്ച മാലിദ്വീപ് എംപി മീകെയില്‍ നസീം പറഞ്ഞു. അതേസമയം മാലിദ്വീപില്‍ വിന്യസിച്ചിരിക്കുന്ന സൈനിക ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പരിഹാരം കണ്ടെത്താന്‍ ഇന്ത്യ പരിശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.