തൃശൂര്‍: വിനോദസഞ്ചാരികള്‍ക്ക് ഇനി തൃശൂരിന്റെ നഗര സൗന്ദര്യവും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കും ഭംഗിയായി ആസ്വദിക്കാം. ഇതിനായി മുകള്‍ഭാഗം തുറന്ന കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി. മന്ത്രിമാരായ കെ രാജനും കെ ബി ഗണേഷ് കുമാറും ട്രയല്‍ റണ്‍ ഓട്ടത്തിനൊപ്പം ചേര്‍ന്നു.
തൃശൂര്‍ രാമനിലയത്തില്‍ നിന്നും സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള ബസ് യാത്ര വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചതെന്ന് മന്ത്രി മന്ത്രി കെ രാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തൃശൂര്‍ക്കാര്‍ക്ക് പുതുവത്സര സമ്മാനമായി പുതിയ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് നഗരത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.
1.5 കോടി രൂപയുടെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസാണ് തൃശൂരിലേക്ക് അനുവദിച്ചത്. തൃശൂര്‍ നഗരക്കാഴ്ചകള്‍ എന്ന പേരിലാണ് ബസ് സര്‍വീസ് നടത്തുക. തൃശൂര്‍ നഗരത്തില്‍ നിന്ന് യാത്ര ആരംഭിച്ച് സ്വരാജ് റൗണ്ടിലൂടെ ചുറ്റി വിവിധ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുടെ സഞ്ചരിച്ച് ജൂബിലി മിഷന്‍, കുട്ടനെല്ലൂര്‍ വഴി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനുള്ളില്‍ ചുറ്റി നഗരത്തില്‍ സമാപിക്കുന്ന രീതിയിലായിരിക്കും യാത്ര. ആദ്യമായാണ് തൃശൂരിലും പുത്തൂരിലും മുകള്‍ഭാഗം തുറന്ന ഒരു ഡബിള്‍ ഡക്കര്‍ ബസ് എത്തുന്നത്.
