കക്കയിറച്ചി ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കുന്ന കാര്യം ആലോചിക്കുമ്പോൾ മനം മടിക്കും. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട, രണ്ട് മിനിറ്റില്‍ കക്കയിറച്ചി വൃത്തിയാക്കിയെടുക്കാൻ പുതിയ ട്രിക്ക് ഇതാ:
കക്കയിറച്ചി പാകം ചെയ്യുന്നതിന് മുന്‍പ് അതിലെ അഴുക്ക് പൂര്‍ണമായും നീക്കി വൃത്തിയാക്കേണ്ടതുണ്ട്. നല്ലതുപോലെ വേവിയ്ക്കുകയും ചെയ്യണം. മണിക്കൂറുകളോളം സമയമെടുത്ത് ഓരോ കക്കയും എടുത്ത് ഞെക്കി അതിലെ അഴുക്ക് പുറത്തു കളഞ്ഞു വൃത്തിയാക്കു കയെന്നത് കുറച്ച് ശ്രമപ്പെട്ട പണി തന്നെയാണ്.
ഒരു പ്ലാസ്റ്റിക് കവർ നിവർത്തിവയ്ക്കുക. അതിന്റെ ഒരു വശത്ത് വൃത്തിയാക്കേണ്ട കക്കയിറച്ചി ഒരുപിടി വാരി വിതറിയിടുക എന്നിട്ട് പ്ലാസ്റ്റിക് കവറിന്റെ ഒരുവശം മറ്റേ വശത്തിന്റെ മുകളിലൂടെ മടക്കാം. അതിനുശേഷം ചപ്പാത്തി കോല് അതായത് ചപ്പാത്തി പരത്തുന്ന കോലെടുത്ത് ചപ്പാത്തി പരത്തുന്നതു പോലെതന്നെ അതിന്റെ മുകളിലൂടെ പരത്തുക.
രണ്ടു മൂന്നു പ്രാവശ്യം തിരിച്ചും മറിച്ചും പരത്തിയതിന് ശേഷം പ്ലാസ്റ്റിക് കവർ നിവർത്തി നോക്കിയാൽ കക്ക ഇറച്ചിയുടെ ഉള്ളിലുള്ള അഴുക്ക് പൂർണമായും വെളിയിൽ വന്നതായി കാണാം. ശേഷം ഈ കക്കയിറച്ചി എടുത്ത് നന്നായി കഴുകി എടുക്കണം. ആവശ്യമുള്ള രീതിയിൽ ഇഷ്ടമുള്ളത് പോലെ കറിവച്ച് കഴിക്കാവുന്നതാണ്.
