ഇടുക്കിയിലും ഓപ്പറേഷൻ നുംഖോർ.. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കാർ കസ്റ്റംസ് പിടിച്ചെടുത്തു…

അടിമാലി : ഭൂട്ടാൻ വഴി കോടികൾ നികുതിവെട്ടിച്ചുള്ള വാഹന കടത്ത് കണ്ടെത്താനുള്ള കസ്റ്റംസിൻറെ ഓപ്പറേഷൻ നുംഖോറിൻ്റ ഭാഗമായി ഇടുക്കിയിലും പരിശോധന. ഇടുക്കിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കാർ കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ്പ സുരേന്ദ്രൻ്റെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്.

മലപ്പുറം തിരൂർ സ്വദേശികളിൽ നിന്നാണ് ഇവർ വാഹനം വാങ്ങിയത്. മെക്കാനിക്ക് പണികൾക്കായാണ് അടിമാലിയിൽ കാർ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ്  അന്വേഷണത്തിൻ്റെ ഭാഗമായി കാർ കസ്റ്റഡിയിലെടുത്തത്. രാജ്യത്താകമാനം ആയിരത്തിലേറെ വാഹനങ്ങൾ കള്ളക്കടത്തിലൂടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അതിൽ ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ തന്നെയുണ്ട്. 36 കാറുകൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ബാക്കിയുള്ളവ തേടുകയാണ് അന്വേഷണസംഘം.

ഇതിനിടെ, ഭൂട്ടാൻ വഴി വിദേശത്തുനിന്ന് നികുതിവെട്ടിച്ച് ആഢംബര വാഹനങ്ങൾ കേരളത്തിലെത്തിച്ചതിൽ കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി വിവരങ്ങൾ തേടി. അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാൻ പല പ്രമുഖരും വാഹനങ്ങൾ വാങ്ങിക്കൂട്ടിയെന്നാണ് സംശയം.കസ്റ്റംസിൽ നിന്ന് ഇഡി വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.

വാഹനക്കടത്തിലൂടെ കോടികളുടെ ജി എസ് ടി വെട്ടിപ്പ് നടന്നതായി കസ്റ്റംസ് കമ്മീഷർ വെളിപ്പെടുത്തിയിരുന്നു. ജിഎസ്ടി വെട്ടിപ്പിൽ കേന്ദ്ര ജി.എസ്.ടി വകുപ്പും അന്വേഷണം തുടങ്ങി. വാഹന രജിസ്ട്രേഷന് എംബസികളുടെയും മറ്റും വ്യാജരേഖകൾ ചമച്ചതിൽ വിദേശകാര്യ മന്താലയത്തിനും വിവരങ്ങൾ കൈമാറാനുള്ള നീക്കത്തിലാണ് കസ്റ്റംസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!