ഓണാഘോഷത്തില്‍ പ്രതിഭ എംഎല്‍എ; കായംകുളം യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ചേരിതിരിഞ്ഞ് പോര്…

കായംകുളത്ത് യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഓണാഘോഷത്തില്‍ സിപിഐഎം എംഎല്‍എ യു പ്രതിഭയ ക്ഷണിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം. വിഷയത്തില്‍ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രവർത്തകർ ചേരിതിരിഞ്ഞ് തർക്കത്തിൽ. സിപിഐഎമ്മുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ പ്രതിഭയെ ക്ഷണിച്ചതിനാണ് ഒരു വിഭാഗം അതൃപ്തി രേഖപ്പെടുത്തിയത്.

ബ്ലോക്ക് കമ്മറ്റി പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം. കമ്മറ്റി പിരിച്ചുവിടാന്‍ ശ്രമിക്കുന്നത് പ്രവര്‍ത്തകരുടെ കേസിനെ കുറിച്ച് പോലും തിരക്കാത്തവരെന്നാണ് മറ്റൊരു വിഭാഗത്തിൻ്റെ വിമര്‍ശനം. പാര്‍ട്ടി കേസില്‍ പ്രതികളാകാനും അടികൊള്ളാനും തങ്ങള്‍ മാത്രമാണെന്നും പിരിച്ചുവിടണമെന്നത് ഇത്തിരി കൂടി പോയെന്നുമുള്ള വിമര്‍ശനം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉയരുന്നുണ്ട്.

അടുത്തിടെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു. ഇതിന് പിന്നില്‍ സിപിഐഎമ്മാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ ഓണാഘോഷത്തില്‍ എംഎല്‍എയെ പങ്കെടുപ്പിച്ചതാണ് വിവാദമായത്.

കോണ്‍ഗ്രസ് ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഓണാഘോഷത്തിലായിരുന്നു പ്രതിഭയെ പങ്കെടുപ്പിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും കെ സി വേണുഗോപാലിനും പരാതി നല്‍കിയിരുന്നു. പ്രതിഭ പരിപാടിയില്‍ പങ്കെടുക്കുന്ന വീഡിയോ വൈറലായിരുന്നു.ഓണാഘോഷത്തോടുബന്ധിച്ച് നടത്തിയ ഗെയിമുകളിലടക്കം പങ്കെടുത്താണ് പ്രതിഭ മടങ്ങിയത്. ഓണത്തിന് രാഷ്ട്രീയമില്ലെന്നും അതുകൊണ്ടാണ് പങ്കെടുത്തതെന്നും അവർ പറഞ്ഞിരുന്നു . യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവടക്കമുള്ളവർ ആഘോഷത്തിനെത്തിയിരുന്നു . അരിതാ ബാബുവാണ് എംഎൽഎയെ സുന്ദരിക്ക് പൊട്ടുകുത്തൽ മത്സരത്തിന് ക്ഷണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!