തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയില്‍ കൃഷ്ണഗിരിയില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന് കെട്ടിയിട്ടിരുന്ന രണ്ടുപേരെ പോലീസ് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ പാറശ്ശാല പോലീസിന്റെ പിടിയിലായി. സംഭവത്തിന് പിന്നില്‍ ബ്ലാക്ക്‌മെയിലും, ക്വട്ടേഷനുമാണെന്ന് പോലീസ് വ്യക്തമാക്കി.
കേരള പോലീസിന്റെ യൂണിഫോം അണിഞ്ഞായിരുന്നു ക്വട്ടേഷന്‍ നടത്തിയത്. ലഹരി കടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്ന് കേരള അതിര്‍ത്തിയിലേക്ക് വരികയായിരുന്ന ഇരുചക്ര വാഹനം ചെങ്കല്‍ ഉദിയന്‍കുളങ്ങരക്ക് സമീപത്തെ ആള്‍ പാര്‍പ്പില്ലാത്ത വീട്ടിലെത്തിയെന്ന് അറിഞ്ഞ് പോലീസ് പരിശോധനയ്ക്കായി ചെന്നു.
പുറത്തുനിന്ന് പൂട്ടിയിരുന്ന വീടിന്റെ അകത്ത് ഫാന്‍ കറങ്ങിയത് പോലീസിന് സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അകത്തുനിന്ന് രക്ഷിക്കണമെന്ന് ശബ്ദംകേട്ടു. വയോധികരായ രണ്ട് കൃഷ്ണഗിരി സ്വദേശികളായിരുന്നു അകത്തുണ്ടായിരുന്നത്. വീടിന്റെ വാതില്‍ തുറക്കാതിരിക്കാന്‍ മരക്കഷണങ്ങള്‍കൊണ്ട് തടസ്സമുണ്ടാക്കിയിരുന്നു. പോലീസ് വാതില്‍ ചവിട്ടി തുറന്നു. കേരള കര്‍ണാടക- അതിര്‍ത്തി ഗ്രാമമായ കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാഫര്‍ എന്ന രണ്ടുപേരെയാണ് അകത്ത് കണ്ടെത്തിയത്. ചങ്ങല കൊണ്ട് ഇവരെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഒരാളുടെ നിര്‍ദ്ദേശപ്രകാരമാണ് കൃഷ്ണഗിരിയിലെ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ എത്തിയതെന്ന് ഇവര്‍ പറഞ്ഞു. ഇവിടെ എത്തിയപ്പോള്‍ കേരള പോലീസിന്റെ വേഷം ധരിച്ച ഒരു സംഘം ഇന്നോവ വാഹനത്തില്‍ വന്നിറങ്ങി. നിങ്ങളുടെ പേരില്‍ കേരളത്തില്‍ കേസ് ഉണ്ടെന്നും എസ്പിയുടെ മുമ്പില്‍ ഹാജരാക്കണമെന്നും പറഞ്ഞ് ബന്ധിതരാക്കി കൊണ്ടുപോയി. തുടര്‍ന്ന് യാത്രയിലുടനീളം ക്രൂരമായി മര്‍ദ്ദിച്ചു, 50 ലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ മോചിപ്പിക്കൂ എന്നു പറഞ്ഞാണ് ഈ വീട്ടില്‍ പൂട്ടിയിട്ടത്’ യൂസഫും ജാഫറും പറഞ്ഞു. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണിതിരുകി കയറ്റിയും മര്‍ദ്ദിച്ചുവെന്ന് ഇവര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഉദിയന്‍കുളങ്ങര കരിക്കിന്‍വിള ഗ്രേസ് ഭവനില്‍ സാമുവല്‍ തോമസ്, നെയ്യാറ്റിന്‍കര പുല്ലൂര്‍ക്കോണം മുട്ടയ്ക്കാട് സ്വദേശി ബിനോയ് അഗസ്റ്റിന്‍, നെയ്യാറ്റിന്‍കര കൃഷ്ണ തൃപ്പാദത്തില്‍ അഭിരാം, കമുകിന്‍കോട് ചീനി വിള പുത്തന്‍കരയില്‍ വിഷ്ണു എസ് ഗോപന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവില്‍ യൂബര്‍ ടാക്‌സി ജീവനക്കാരനാണ് സാമുവല്‍ തോമസ്, സാമുവല്‍ തോമസിന്റെ മാതൃ സഹോദരിയുടെ ഉടമസ്ഥതയിലുള്ള ആള്‍പാര്‍പ്പ് ഇല്ലാത്ത വീട്ടിലായിരുന്നു രണ്ടുപേരെ തടങ്കലിലാക്കിയിരുന്നത്.
ഈ വീട്ടില്‍ നിന്ന് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്, കേരള പോലീസിന്റെ വ്യാജ ഐഡി കാര്‍ഡുകള്‍, തോക്ക്, തിര, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
മള്‍ട്ടി ജിമ്മിലെ ട്രെയിനിയാണ് ബിനോയ് അഗസ്റ്റിന്‍, മര്‍ച്ചന്റ് നേവി ജീവനക്കാരനാണ് അഭിരാം. സാമുവല്‍ തോമസിന്റെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടു വരാന്‍ ഉപയോഗിച്ച ഇന്നോവ കാറും ഇരുചക്ര വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പ്രധാന പ്രതികള്‍കൂടി പിടിയിലാകാന്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ സംഭവത്തിനെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കാന്‍ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കി.
