പെണ്‍മക്കളെ വിവാഹം ചെയ്തുവിട്ടാല്‍ തീരുന്നതാണോ കുടുംബത്തിന്റെ ഉത്തരവാദിത്തം? അല്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിപഞ്ചിക, അതുല്യ എന്നിവര്‍ ഭര്‍തൃപീഡനത്തിന്റെ ഏറ്റവും ഒടുവിലെ ഇരകളാണ്.
ദുരിതങ്ങള്‍ സഹിച്ച് എന്തിന് ദാമ്പത്യത്തില്‍ തുടരണം എന്നാണ് വാര്‍ത്തകളോട് പ്രതികരിക്കുന്ന മിക്കവരും ചോദിക്കുന്നത്. എന്നാല്‍ വിവാഹ മോചനം ജീവിതത്തിന്റെ അവസാനമാണെന്നും, അതൊരു നാണക്കേടാണെന്നും സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത അത്ര മോശമാണെന്നുള്ള ധാരണയാണ് ഓരോ പെണ്‍കുട്ടികളുടേയും ആത്മഹത്യകള്‍ക്ക് പിന്നില്‍ എന്ന് ചൂണ്ടിക്കാട്ടുകയാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റള്‍ സൈക്യാട്രികസ് വിഭാഗം ഡോക്ടര്‍ ഡോ. എല്‍സി ഉമ്മന്‍.
വിവാഹ ജീവിതം താളം തെറ്റുമ്പോഴുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സമൂഹത്തിന്റെ തുറിച്ച് നോട്ടവും കാഴ്ചപ്പാടുകള്‍ക്കും വലിയ പങ്കുണ്ടെന്നും ഡോ.എല്‍സി ഉമ്മന്‍ പറയുന്നു.
ശരീരാരോഗ്യത്തിനൊപ്പമുള്ളത് പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് മനുഷ്യന്റെ മനസിന്റെ ആരോഗ്യം. എന്നാൽ ഇന്നും ഈ വിഷയത്തിന് അത്ര പ്രാധാന്യം നാം നൽകുന്നില്ല. അതിനൊപ്പം, ഇന്ന് നമ്മളൊക്കെ ജീവിക്കുന്നത് ഒരു സോഷ്യൽ മീഡിയ ലോകത്തിലാണ്. മുമ്പ് സമയം കളയാൻ മാത്രമായിരുന്നു സോഷ്യൽ മീഡിയയുടെ ഉപയോഗം. എന്നാൽ ഇന്ന്, അത് നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിട്ടുണ്ട്. പല കാര്യങ്ങളിൽ സോഷ്യൽ മീഡിയ നമ്മെ സഹായിക്കുമ്പോഴും, ചിലപ്പോഴത് നമ്മുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ടെന്നും ഡോ.എല്‍സി ഉമ്മന്‍ ചൂണ്ടിക്കാട്ടുന്നു.
