അയോധ്യ : രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി അയോധ്യ പഴുതടച്ച സുരക്ഷയില്‍. നഗരം പൂര്‍ണമായും സിസിടിവി കാമറകളുടെ നിരീക്ഷണത്തിലായിക്കഴിഞ്ഞു. പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമില്ലാത്ത ഒരാളെപ്പോലും പ്രവേശിപ്പിക്കരുതെന്നാണ് അധികാരികള്‍ നല്‍കിയിരിക്കുന്ന സന്ദേശം. ഇതിനായി സമീപ ജില്ലകളില്‍നിന്ന് അയോധ്യയിലേക്കുള്ള പ്രവേശന കവാടങ്ങള്‍ അടച്ചു.
ബസ്തി, ഗോണ്ട, സുല്‍ത്താന്‍പുര്‍, ബാരബങ്കി, അംബേദ്കര്‍ നഗര്‍ ജില്ലകള്‍ അനധികൃതമായി അയോധ്യയില്‍ പ്രവേശിക്കരുതെന്ന് ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ക്ഷണക്കത്തില്ലാതെ വരുന്ന ആരെയും കടത്തിവിടരുതെന്ന് അതിര്‍ത്തിയിലെ സുരക്ഷാ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണമില്ലാത്ത ആളുകളെ അയോധ്യയില്‍നിന്ന് ഒഴിപ്പിക്കും. ഇതിനായി ഉടന്‍ നടപടികളിലേക്കു കടക്കുമെന്ന് അയോധ്യ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിനു രണ്ടോ മൂന്നോ ദിവസം മുമ്പായിരിക്കും ഒഴിപ്പിക്കല്‍.
ചടങ്ങിനു മുന്നോടിയായി നഗരത്തില്‍ പതിനായിരം സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പൊലീസ് ഡറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. എഐ കാമറകളാണ് നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. നഗരത്തിലെ ഗതാഗത സംവിധാനങ്ങളെ ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവ നിരീക്ഷിക്കാന്‍ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം ഒരുക്കിയിട്ടുണ്ട്.
ഹെവി വാഹനങ്ങള്‍ക്കു പൂര്‍ണമായ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. സുരക്ഷ സംബന്ധിച്ച അന്തിമ പ്ലാന്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
അയോധ്യയില്‍ പഴുതടച്ച സുരക്ഷ: 10,000 എഐ കാമറകള്‍, ക്ഷണമില്ലാത്തവര്‍ക്കു പ്രവേശന വിലക്ക്
