ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍: ദുരന്ത ബാധിതര്‍ക്കായി ഇതുവരെ ചെലവഴിച്ചത് 108. 21 കോടിയെന്ന് സർക്കാർ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപയെന്ന് കണക്കുകള്‍. ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ ശവസംസ്‌കാരം മുതല്‍ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുത്തത് വരെയുള്ള കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഉരുള്‍പ്പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് വയനാട് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ റവന്യൂമന്ത്രി കെ രാജനാണ് സര്‍ക്കാര്‍ ചെലവിട്ട തുക സംബന്ധിച്ച് പ്രതികരിച്ചത്.

ദുരിത ബാധിതരുടെ പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരണപ്പെട്ടവരുടെ കടുംബാംഗങ്ങള്‍ക്കായി (220) 13.3 കോടിയും നല്‍കി. വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേര്‍ക്ക് 15.6 കോടി രൂപ ധനസഹായം നല്‍കി. ജീവിതോപാധിയായി 1133 പേര്‍ക്ക് 10.1 കോടിയും ടൗണ്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസ് പ്രവര്‍ത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തര ധനസഹായമായി 1.3 കോടിയും വാടകയിനത്തില്‍ 4.3 കോടിയും നല്‍കി. പരിക്ക് പറ്റിയവര്‍ക്ക് 18.86 ലക്ഷവും ശവസംസ്‌കാര ചടങ്ങുകള്‍ക്കായി 17.4 ലക്ഷവും നല്‍കിയെന്നും മന്ത്രി അറിയിച്ചു.

ടൗണ്‍ഷിപ്പ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പുന്നപ്പുഴയിലെ ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ദുരന്ത ബാധിതരോട് അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് സ്വീകരിക്കു ന്നത്. കുടുംബശ്രീയുടെ മൈക്രോ പ്ലാന്‍ നടപ്പാക്കുന്നതിന് 3.6 കോടി രൂപ അനുവദിച്ചതായും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

യോഗത്തില്‍ ജില്ലാ കളക്റ്റര്‍ ഡി ആര്‍ മേഘശ്രീ, എ.ഡി. എം കെ. ദേവകി, സബ് കളക്റ്റര്‍ മിസാല്‍ സാഗര്‍ ഭരത് ,അസിസ്റ്റന്റ് കളക്റ്റര്‍ അര്‍ച്ചന പി പി, ചൂരല്‍മല പുനരധിവാസ സ്പെഷ്യല്‍ ഓഫീസര്‍ മന്‍മോഹന്‍ സി വി, ഡി ഡി എം എ സ്പെഷ്യല്‍ ഓഫീസര്‍ അശ്വിന്‍ പി കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!